അബുദാബി : മരിച്ചയാളുടെ അനന്തരാവകാശിക്കുള്ള നിയമപരമായ അവകാശം ലഭിക്കാനായി പ്രവാസികൾക്ക് ഇനിമുതൽ അബുദാബി ജുഡീഷ്യൽ വകുപ്പിൽ അപേക്ഷിക്കാം. അബുദാബി വിസയുള്ള താമസക്കാർക്കാണ് ഈ പ്രത്യേക ആനുകൂല്യം ലഭിക്കുക. കോവിഡ് മൂലമോ സമാനമായ ആകസ്മിക മരണങ്ങൾ സംഭവിക്കുന്ന പ്രവാസികളുടെ അനന്തരാവകാശികൾക്കാണ് മരിച്ചയാളുടെ സ്വത്തുവകകളും മറ്റ് സ്ഥാവരജംഗമസ്വത്തുക്കളും സ്വീകരിക്കാനുള്ള അവകാശം അനുവദിച്ചുകിട്ടുക. അതിനായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്‌മെന്റ് വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രവാസിമരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പിന്തുടർച്ചാവകാശം ലഭിക്കാനായി പുതിയ സംവിധാനം പ്രവാസികൾക്ക് ഗുണകരമാണ്. adjd.gov.ae എന്ന വെബ്‌സൈറ്റിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷാഫീസും മറ്റും ഓൺലൈനായി അടയ്ക്കാനും സൗകര്യമുണ്ട്. അപേക്ഷസമർപ്പിച്ചാൽ വെർച്വൽ മീറ്റിങ്ങിനുള്ള അനുമതിലഭിക്കും. തുടർന്ന് യഥാർഥ അപേക്ഷകനാണോ എന്ന പരിശോധനയും ഓൺലൈൻവഴി ഉണ്ടാകും. നാട്ടിൽനിന്ന് ലഭിക്കുന്ന ലീഗൽ ഹെർഷിപ്പ് സർട്ടിഫിക്കറ്റ് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റിൽ ഹാജരാക്കിയതിനുശേഷം മറ്റു രേഖകളുടെയും അടിസ്ഥാനത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മരിച്ചയാളുടെ അവകാശം അനുഭവിക്കാനുള്ള അവകാശസർട്ടിഫിക്കറ്റ് അനുവദിച്ചുകിട്ടും. രണ്ട് സാക്ഷികളെയും ഹാജരാക്കിയാൽ മാത്രമേ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാവുകയുള്ളൂ. നിലവിലെ സാഹചര്യത്തിൽ അവകാശ സർട്ടിഫിക്കറ്റ് കൂടുതൽ വേഗത്തിൽ പ്രവാസികൾക്ക് ലഭ്യമാക്കുക എന്ന അനുകൂലനടപടികൾ യു.എ.ഇ. സർക്കാർ നടത്തുന്നതിന്റെ ഭാഗമാണിത്.