ദുബായ് : ഇന്ത്യയിൽനിന്ന് യു.എ.ഇ.യിലേക്ക് ജൂലായ് 31 വരെ നേരിട്ട് വിമാനസർവീസില്ലെന്ന് വ്യക്തമായതോടെ മറ്റു രാജ്യങ്ങൾവഴി യു.എ.ഇ.യിൽ എത്തുന്നതിനുള്ള പ്രവാസികളുടെ നീക്കം ശക്തമായി. പ്രവേശനവിലക്കിന്റെ ആദ്യഘട്ടത്തിൽ അർമേനിയ, ഉസ്‌ബെക്കിസ്താൻ വഴിയെല്ലാം പ്രവാസികൾ യു.എ.ഇ.യിലേക്ക് എത്തിയിരുന്നു. എന്നാലിപ്പോൾ ഖത്തർകൂടി ഇത്തരത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത് പ്രവാസികൾക്ക് കൂടുതൽ ഗുണകരമായി.

ഖത്തറിലേക്ക് ഇന്ത്യക്കാർക്ക് പോകാൻ സൗജന്യ സന്ദർശക വിസ അനുവദിക്കുന്നുണ്ട്. നിരവധി ട്രാവൽ ഏജൻസികൾ ഖത്തർവഴിയുള്ള ക്വാറന്റീൻ പാക്കേജും അവതരിപ്പിച്ചുതുടങ്ങിയിട്ടുണ്ട്.

ഖത്തറിൽ രണ്ടാഴ്ച ക്വാറന്റീൻ പൂർത്തിയാക്കി യു.എ.ഇ., സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് എത്താനാവുന്ന സാഹചര്യമുണ്ട്. അതുകൊണ്ടുതന്നെ പ്രവാസികൾക്ക് കുറേക്കൂടി ആശ്വാസമാവുകയാണ് ഈ നടപടി. എന്നാൽ നേരിട്ട് യു.എ.ഇ.യിലേക്ക് എത്താവുന്ന സാഹചര്യം ഇപ്പോഴുമായിട്ടില്ല. ഇക്കാര്യത്തിൽ അധികൃതർ തീരുമാനമൊന്നും വ്യക്തമാക്കിയിട്ടില്ല.

അതേസമയം ജൂലായ് 25 വരെ ഇന്ത്യയിൽനിന്ന് യാത്രാവിമാന സർവീസുണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയർലൈൻ ഞായറാഴ്ച വ്യക്തമാക്കി. ഈ മാസം 31 വരെ ഇന്ത്യയിൽനിന്ന് സർവീസുണ്ടാകില്ലെന്ന് ഇത്തിഹാദ് എയർവേസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.