ദുബായ് : ബലിപെരുന്നാൾ ആഘോഷത്തിനായി നഗരമൊരുങ്ങി. എല്ലാ എമിറേറ്റുകളും പ്രത്യേക എൽ.ഇ.ഡി. കൊണ്ടുള്ള അലങ്കാരത്താൽ വെട്ടിത്തിളങ്ങുകയാണ്. അബുദാബിയിൽ മാത്രമായി 2800 ലൈറ്റ് അലങ്കാരങ്ങളാണ് മുനിസിപ്പാലിറ്റി സ്ഥാപിച്ചിരിക്കുന്നത്. റോഡുകളുടെ വശങ്ങളിലും പ്രധാന പാലങ്ങൾ, റൗണ്ട്എബൗട്ടുകൾ എന്നിവിടങ്ങളിലും ദീപാലങ്കാരങ്ങൾ കാണാം. കോർണിഷുകളിലും അലങ്കാരങ്ങൾകൊണ്ട് നിറഞ്ഞ കാഴ്ചകളാണ്. യു.എ.ഇ.യുടെ ചരിത്രത്തെയും പൈതൃകത്തെയും പ്രതിഫലിക്കുന്ന കാഴ്ചകളാണ് എങ്ങുമുള്ളത്.

തിങ്കൾ മുതൽ ഒരാഴ്ച നീളുന്ന അവധികൂടിയായതോടെ എല്ലാവരും കരുതലെടുത്ത് ആഘോഷത്തിനൊരുങ്ങുകയാണ്. കോവിഡ് സുരക്ഷയും മാനദണ്ഡങ്ങളും നിലനിൽക്കുന്നതിൽ 2020-ന് തുല്യമായ ആഘോഷങ്ങൾതന്നെയായിരിക്കും ഇത്തവണയും. ആഘോഷം അതിരുകടക്കുന്നത് നിരീക്ഷിക്കാനായി യു.എ.ഇ. യിൽ പോലീസ് പട്രോൾ ശക്തമാക്കിയിട്ടുണ്ട്. അവധി ആഘോഷം അതിരുകടക്കാതിരിക്കാൻ സ്വയം ജാഗ്രത പുലർത്തണമെന്ന് അധികൃതർ ആവർത്തിച്ച് ഓർമിപ്പിക്കുന്നു.

അവധിദിനങ്ങളിൽ ഷാർജയിൽ 300-ലേറെ പോലീസ് പട്രോൾ ഏർപ്പെടുത്തിയിട്ടുണ്ട്. മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നതും സാമൂഹിക അകലം പാലിക്കാതിരിക്കുന്നതും പ്രത്യേകം നിരീക്ഷിക്കും. ഫുജൈറ, ഖോർഫക്കാൻ അടക്കമുള്ള കിഴക്കൻ പ്രദേശത്തേക്ക് വിനോദയാത്ര പോകാൻ തടസ്സമില്ലെങ്കിലും കൂട്ടംകൂടി നിൽക്കാനോ കോവിഡ് നിയന്ത്രണങ്ങൾ തെറ്റിക്കാനോ പാടില്ല. ഈ ദിവസങ്ങളിൽ ഖോർഫക്കാനിൽ ട്രക്ക് അടക്കമുള്ള വലിയ വാഹനങ്ങൾ സർവീസ് നടത്തുന്നതിനും നിയന്ത്രണമുണ്ട്. തിങ്കൾമുതൽ ഞായർവരെ വൈകീട്ട് അഞ്ചുമണിമുതൽ രാത്രി 10 വരെ സർവീസ് നടത്തരുതെന്നാണ് പോലീസ് അറിയിപ്പ്. രാത്രിയിൽ പുറത്തിറങ്ങുന്നവർക്ക് വാഹനങ്ങൾ തടസ്സമാകരുതെന്നാണ് പോലീസ് നിർദേശം. വാഹനങ്ങൾ ഗതാഗതനിയമങ്ങൾ കർശനമായി പാലിച്ചിരിക്കണം. പള്ളികൾക്ക് സമീപം തിരക്കുകൾ ഇല്ലാതിരിക്കാൻ പോലീസിന്റെ പ്രത്യേക നിരീക്ഷണവും ഉണ്ടാകും.

റാസൽഖൈമയിൽ കോവിഡ് വ്യാപനം തടയാനും തിരക്ക് നിയന്ത്രിക്കാനുമായി 120 പോലീസ് പട്രോൾ പ്രത്യേകം ഏർപ്പെടുത്തി.

ബലിപെരുന്നാൾ പ്രമാണിച്ച് വിശ്വാസികൾ അംഗീകൃത അറവുശാലകളിൽ മാത്രമേ പോകാവൂ. നിയമവിരുദ്ധമായി വീടുകളിലോ കടകളിലോ അറവ് പാടില്ല. ആരോഗ്യസുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചുമാത്രമേ അറവുശാലകളിൽ പോകാവൂ എന്നും നഗരസഭയും പോലീസും അറിയിച്ചു.

അബുദാബിയിൽ കോവിഡ് പശ്ചാത്തലത്തിൽ ബലിയറുക്കാനുള്ള തുക അടയ്ക്കുന്നതും മാംസം വിതരണം ചെയ്യുന്നതും ജീവകാരുണ്യസംഘടനാ വഴിയായിരിക്കണം. അറവുശാലകളിൽ തിരക്ക് കുറയ്ക്കാനായി നഗരസഭ അംഗീകരിച്ച പ്രത്യേക ആപ് വഴി പണമയയ്ക്കാം. സബാഹതി, സബായ അൽ ജസീറ, ദബായാഹ് അൽ ഇമാറാത്ത് തുടങ്ങിയ ആപ്പുകൾവഴിയാണ് അബുദാബിയിൽ പണമടയ്ക്കേണ്ടത്.

മൃഗശാലയുടെ സമയക്രമം മാറ്റി

ബലിപെരുന്നാൾ പ്രമാണിച്ച് അൽഐൻ മൃഗശാലയുടെ സമയക്രമത്തിൽ മാറ്റം. പുതുക്കിയ സമയമനുസരിച്ച് ജൂലായ് 19 മുതൽ 22 വരെ രാവിലെ ഒമ്പതുമുതൽ രാത്രി എട്ടുവരെയാകും പ്രവർത്തിക്കുക. ആഫ്രിക്കൻ സിംഹങ്ങൾ, ചീങ്കണ്ണി എന്നിവയെ കാണുന്നതും തീറ്റനൽകുന്നതും ഉൾപ്പെടെയുള്ള കൗതുകകരമായ കാഴ്ചകളും ഒരുക്കിയിട്ടുണ്ട്. മൃഗങ്ങളുടെ ജീവിതരീതികളെക്കുറിച്ചുള്ള വിവരങ്ങൾ മൃഗശാലയിലെ ജീവനക്കാർ വിവരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.