ദുബായ് : ലോക എക്സ്‌പോ 2020 ദുബായിലേക്കുള്ള പ്രവേശനടിക്കറ്റ് വിൽപ്പന തുടങ്ങി. ഓൺലൈൻ വഴിയാണ് ടിക്കറ്റ് ലഭിക്കുക.

ഒരുദിവസത്തെ പ്രവേശനത്തിന് 95 ദിർഹമാണ് നിരക്ക്. ആറ് മാസത്തെ പാസിന് 495 ദിർഹവും നൽകണം.

ഒരുമാസം നീണ്ടുനിൽക്കുന്ന മൾട്ടി-എൻട്രി പാസ്സിന് 195 ദിർഹമാണ്. നിശ്ചയദാർഢ്യമുള്ളവർ, 18 വയസ്സിന് താഴെയുള്ളവർ എന്നിവർക്ക് പ്രവേശനം സൗജന്യമായിരിക്കും. അവരെ അനുഗമിക്കുന്ന വ്യക്തിക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം കിഴിവ് ലഭിക്കും. ടിക്കറ്റുകളിൽ എല്ലാ പവിലിയനുകളിലേക്കും പരിപാടികളിലേക്കും പ്രവേശനം ലഭിക്കും.

ഈ വർഷം ഒക്ടോബർ ഒന്നുമുതൽ 2022 മാർച്ച് 31 വരെയാണ് എക്സ്‌പോ 2020. പ്രവേശനത്തിന് കോവിഡ് പ്രതിരോധകുത്തിവെപ്പ് എടുത്തതിന്റെ തെളിവ് ഹാജരാക്കേണ്ടതില്ലെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു.

എന്നാൽ എല്ലാവരും കോവിഡ് വാക്സിൻ സ്വീകരിച്ച് ആരോഗ്യസുരക്ഷ ഉറപ്പാക്കണം.

എല്ലാ കോവിഡ് മുൻകരുതൽ നടപടികളും പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി. യു.എ.ഇ. ആരോഗ്യപ്രതിരോധ മന്ത്രാലയം, ദുബായ് ഹെൽത്ത് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ മറ്റ് മുൻകരുതൽ നടപടികൾ വേദിയിൽ നടപ്പാക്കിയിട്ടുണ്ട്. expo2020dubai.com. വെബ്‌സൈറ്റ് വഴി എക്സ്‌പോ ടിക്കറ്റുകൾ ലഭ്യമാണ്.