ദുബായ് : യു.എ.ഇ വിഷൻ 2021-ന്റെയും, യു.എ.ഇ. സ്ട്രാറ്റജി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് 2031-ന്റെയും ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്‌സ് മത്സരങ്ങളിൽ ഹാബിറ്റാറ്റ് സ്‌കൂളിലെ വിദ്യാർഥികൾ വിജയികളായി. കോഡിങ്ങിന്റെ പല വിഭാഗങ്ങളായ വെബ് ഡെലപ്‌മെന്റ്, പൈത്തൺ, വെക്‌സ്- വി.ആർ കോഡ്, ഡ്രോൺ, ടിങ്കർ എന്നിവയിലാണ് ഹാബിറ്റാറ്റ് സ്‌കൂൾ കുട്ടികൾ തിളങ്ങിയത്. വെബ് ഡെവലപ്‌മെന്റിൽ തൗഹീദാ ഇസ്ലാം, ഹാബിറ്റാറ്റ് സ്‌കൂളിന്റെ ഭാഗമായ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ ആദില നവാസ്, പൈത്തൺ ക്യാറ്റഗറി രണ്ടിൽ കാർത്തിക് ശർമ്മ, ആർ.ഓ.വിയിൽ നിഖിൽ അന്ന, അമൽദേവ് ശിവദാസ്, ആദിത്യ ഹരീഷ്, വെക്‌സ്- വി ആർ ക്യാറ്റഗറി ഒന്നിൽ അർഹം അനീസ് ശൈഖ്, ഇഹാൻ അഫീഖ്, വൈശാഖൻ ഇൻബാദുരൈ എന്നിവരും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഗ്രേഡ് ഒന്ന് മുതൽ കുട്ടികളെ കോഡിങ് പഠിപ്പിക്കുന്നതും, കുട്ടികളുടെ കോഡിങ് കഴിവുകളെ പ്രചോദിപ്പിക്കുവാൻ എല്ലാ വർഷവും ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സൈബർ സ്‌ക്വയറിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നതുമാണ് വിജയത്തിന് പിന്നിലെ രഹസ്യമെന്ന് സി.ഇ.ഒ - അക്കാദമിക്‌സ് ആദിൽ സി.ടി അഭിപ്രായപ്പെട്ടു. 2014 മുതലാണ് ഹാബിറ്റാറ്റ് സ്‌കൂൾ, പാഠഭാഗങ്ങൾക്കൊപ്പം കുട്ടികളെ കോഡിങ് പഠിപ്പിക്കുവാൻ ആരംഭിച്ചത്. ഒരു ലക്ഷത്തോളം ഗോൾഡൻ വിസകൾ കോഡേഴ്‌സിനായി യു.എ.ഇ സർക്കാർ വാഗ്ദാനം ചെയ്തതിൽ ഹാബിറ്റാറ്റ് സ്‌കൂളിലെ കുട്ടി കോഡേഴ്‌സും പ്രതീക്ഷയിലാണ്.