അബുദാബി അടക്കമുള്ള എമിറേറ്റുകളിൽ അനധികൃതമായി പടക്കംപൊട്ടിക്കുന്നത് ശിക്ഷാർഹമാണ്. ഇവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. പടക്കം അടക്കമുള്ള സ്ഫോടകവസ്തുക്കൾ കുട്ടികൾ ഉപയോഗിക്കാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകംശ്രദ്ധിക്കണം.

അനധികൃതമായി പടക്കം വിൽക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന കച്ചവടക്കാർക്കെതിരേയും കടുത്ത നടപടിയുണ്ടാകും. അശ്രദ്ധ അഗ്നിബാധപോലുള്ള വലിയ അപകടത്തിലേക്ക് നയിച്ചേക്കാം. കരിമരുന്നുകൊണ്ടുള്ള കളികൾ കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണി മാത്രമല്ല പൊതുമുതൽ നശിക്കുന്നതിലേക്കും നയിച്ചേക്കും. ഇതുമൂലമുണ്ടാകുന്ന അപകടങ്ങളിൽ സ്ഥിരമോ താത്കാലികമോ ആയ വൈകല്യങ്ങളും ഉണ്ടായേക്കാം.

ഇത്തരം സാഹചര്യം ഒഴിവാക്കാൻ മാതാപിതാക്കളുടെ അതീവ ശ്രദ്ധയുണ്ടാകണമെന്നും അധികൃതർ നിർദേശിച്ചു. നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനയും ശക്തമാക്കി. ലൈസൻസ് എടുക്കാതെ ഇത്തരം ഉത്പന്നങ്ങൾ ഇറക്കുമതിചെയ്യുക, കയറ്റുമതിചെയ്യുക, നിർമിക്കുക, ഉപയോഗിക്കുക, മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുക എന്നിവയും കുറ്റകരമാണ്.

കുറഞ്ഞ വിലയുടെ ആകർഷണത്തിൽ ഓൺലൈൻവഴി പടക്കം വാങ്ങുന്നതിനും വിലക്കുണ്ട്. നിയമലംഘകരെക്കുറിച്ച് 999, 800 2626 നമ്പറിൽ അറിയിക്കാം.