അബുദാബി : ദേശീയ അണുനശീകരണയജ്ഞം അബുദാബിയിൽ വീണ്ടും ആരംഭിച്ചു. യാത്രാനിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ഞായറാഴ്ച അർധരാത്രി 12 മുതലാണ് അണുനശീകരണപ്രക്രിയ നടത്തുന്നത്. ദിവസവും രാത്രി 12 മുതൽ പിറ്റേന്ന് പുലർച്ചെ അഞ്ചുവരെയാണ് അണുനശീകരണപ്രവർത്തനങ്ങളും ശുചീകരണ നടപടികളും നടപ്പാക്കുക. ഈ സമയമായിരിക്കും യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, പൊതുഗതാഗതം എന്നിവ അനുവദിക്കില്ല. കർഫ്യൂ കാലയളവിൽ പൊതുജനങ്ങൾ തങ്ങളുടെ വീടുകളിൽ കഴിയണമെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അടിയന്തര സാഹചര്യങ്ങൾ, അവശ്യസാധനങ്ങൾ, മരുന്നുകൾ എന്നിവയ്ക്കുള്ള യാത്രകൾക്ക് ഇളവുണ്ട്. ഇതിനായി അബുദാബി പോലീസിൽനിന്നുള്ള മൂവ്‌മെന്റ് പെർമിറ്റ് നിർബന്ധമായും വാങ്ങിയിരിക്കണം. സമൂഹത്തിന്റെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി നടപടിയോട് പൂർണമായും സഹകരിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. പെർമിറ്റ് ലഭിക്കാൻ: www.adpolice.gov.ae.

അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രവേശനമാനദണ്ഡങ്ങളിലും ജൂലായ് 19 മുതൽ മാറ്റംവരുത്തി. അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റിയുടേതാണ് തീരുമാനം. കോവിഡ് വകഭേദങ്ങളുടെ വ്യാപനം തടയാനുള്ള പ്രതിരോധനടപടികളുടെ ഭാഗമായാണിത്. അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് 48 മണിക്കൂറിനിടയിലുള്ള കോവിഡ് ആർ.ടി.പി.സി.ആർ. നെഗറ്റീവ് ഫലം ഹാജരാക്കണം. ലേസർ ഡി.പി.ഐ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർ, 24 മണിക്കൂറിനിടയിൽ നേടിയതാണെന്ന് ഉറപ്പുവരുത്തണം. അബുദാബിയിൽ പ്രവേശിച്ച് കൂടുതൽ ദിവസം താമസിക്കുന്നവർ നാലാംദിനവും എട്ടാംദിനവും കോവിഡ് പരിശോധന നടത്തണം. ഡി.പി.ഐ. നെഗറ്റീവ് ഉപയോഗിച്ച് അബുദാബിയിൽ പ്രവേശിക്കുന്നവർ കൂടുതൽ ദിവസം തങ്ങുകയാണെങ്കിൽ മൂന്നാംദിനവും ഏഴാംദിനവും പരിശോധന നടത്തണം. അബുദാബിയിലേക്ക് ഒന്നിലേറെ തവണ പ്രവേശിക്കുന്നവർ ഒരുതവണ ഡി.പി.ഐ. ഉപയോഗിച്ചാൽ അടുത്തതവണ പി.സി.ആർ. ഉപയോഗിക്കണം. വാക്സിനെടുത്തവരും വാക്സിനെടുക്കാത്തവരുമായ മുഴുവൻ പൗരന്മാർക്കും പ്രവാസികൾക്കും ഈ നടപടിക്രമങ്ങൾ ബാധകമാണ്.

പൊതുസമൂഹത്തിലെ സുരക്ഷ മുൻനിർത്തി പൊതു ഇടങ്ങളിൽ മുഖാവരണങ്ങളുടെ ഉപയോഗം, സമൂഹിക അകലം മുതലായവ കർശനമായി പാലിക്കണം എന്നിവയാണ് പുതുക്കിയ മാനദണ്ഡങ്ങളിലുള്ളത്.