റാസൽഖൈമ : കോവിഡ് നെഗറ്റീവ് പരിശോധനാഫലമുള്ളവർക്ക് മാത്രമേ ഇനി മുതൽ റാസൽഖൈമ പോലീസ് സ്റ്റേഷനുകളിലേക്ക് പ്രവേശനമുണ്ടാകൂ. സ്റ്റേഷനുകളിലും പോലീസ് സേവനകേന്ദ്രങ്ങളും സന്ദർശിക്കുന്നവർ പരിശോധനാഫലം ആദ്യം കാണിക്കണമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു. സന്ദർശനത്തിന് 72 മണിക്കൂറിനുള്ളിലുള്ള ഫലം വേണം ഹാജരാക്കാൻ. കൂടാതെ എല്ലാ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. നേരത്തെ ദുബായ്, ഷാർജ പോലീസ് സ്റ്റേഷനുകളിലും സമാനമായ നിബന്ധന ഏർപ്പെടുത്തിയിരുന്നു. റാസൽഖൈമ സാമ്പത്തിക വകുപ്പിൽ ഉപഭോക്താക്കൾക്ക് ആർ.ടി.പി.സി.ആർ. പരിശോധനാ ഫലം നിർബന്ധമാണ്.