ദുബായ് : പ്രതിസന്ധികളെ അതിജീവിച്ചും പ്രവാസികളെ ചേർത്തുപിടിച്ചും മുന്നോട്ടുപോകുന്ന ഗൾഫ് കാഴ്ചകളാണ് കോവിഡ് കാലത്തുടനീളം കണ്ടുകൊണ്ടിരുന്നത്. ഇതിനിടയിൽ ഗൾഫിൽനിന്ന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രകളിൽ പലരീതിയിലുള്ള മാറ്റങ്ങളും വരുന്നു. അടുത്തിടെ ഗൾഫ് യാത്രയ്ക്ക് പുതിയ ഇളവുകളും നിയന്ത്രണങ്ങളും അതോറിറ്റികൾ പ്രഖ്യാപിച്ചുകഴിഞ്ഞു. യാത്ര പുറപ്പെടുന്നതിന് മുൻപ് വ്യോമയാന രംഗത്തെ പുതിയമാറ്റങ്ങൾ സസൂക്ഷ്മം അറിഞ്ഞിരിക്കണമെന്ന് അധികാരികൾ ഓർമപ്പെടുത്തുന്നുണ്ട്. കോവിഡ് പരിശോധന നടത്തുന്നതുമുതൽ യാത്ര പുറപ്പെടുന്നതിന് മുൻപ് അതത് വിമാനക്കമ്പനികളുടെ വെബ്‌സൈറ്റിൽ കയറി മാറ്റങ്ങൾ പരിശോധിക്കണം. അല്ലെങ്കിൽ എയർലൈനിൽ വിളിച്ചന്വേഷിച്ചോ വിശ്വസ്തരായ ട്രാവൽ ഏജന്റിനോട് അന്വേഷിച്ചോ യാത്ര പ്ലാൻ ചെയ്യണമെന്നാണ് അധികൃതർ നിർദേശിക്കുന്നത്.
ഇന്ത്യൻ സിവിൽ ഏവിയേഷൻ അതോറിറ്റി പുതുതായി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവുപ്രകാരം ഗൾഫിൽനിന്ന് ഇന്ത്യയിലേക്ക് പോകണമെങ്കിൽ ആർ.ടി.പി.സി.ആർ. നെഗറ്റീവ് ഫലം നിർബന്ധമാക്കിയിട്ടുണ്ട്. യു.എ.ഇ.യിൽനിന്ന് കേരളത്തിലേക്ക് പോകണമെങ്കിൽ ഇനിമുതൽ പരിശോധനാഫലം കൈയിൽ കരുതണം. കൂടാതെ എയർ സുവിധയിൽ പരിശോധനാഫലം അപ്‌ലോഡ് ചെയ്യുകയും വേണം. തിങ്കളാഴ്ച രാത്രി മുതൽ പുതിയ നിബന്ധന നിലവിൽ വരും.
ദുബായിലേക്ക് എയർഇന്ത്യാ എക്സ്‌പ്രസിൽ വരുന്ന ഇന്ത്യക്കാരുടെ കോവിഡ് നെഗറ്റീവ് റിപ്പോർട്ടിൽ ക്യൂ. ആർ. കോഡ് ഉണ്ടായിരിക്കണം എന്നതാണ് അധികൃതർ പുതുതായി നൽകുന്ന മറ്റൊരു നിർദേശം. അതുപോലെ ദുബായിലേക്ക് വരാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡന്റ്‌സി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ (ജി.ഡി.ആർ.എഫ്.എ.) അനുമതി ആവശ്യമില്ലെന്ന് യു.എ.ഇ. ദേശീയ വിമാനക്കമ്പനി എമിറേറ്റ്‌സ് എയർലൈൻസ് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ഐ.സി.എ.) അനുമതിയില്ലാതെ എയർ അറേബ്യയിൽ ഷാർജയിലേക്കും വരാം. എമിറേറ്റിന്റെ ബജറ്റ് വിമാനമായ ഫ്‌ളൈ ദുബായിലും ഈ ഇളവുണ്ട്. ദുബായിലേക്ക് ജി.ഡി.ആർ.എഫ്.എ., ഐ.സി.എ. അനുമതി ആവശ്യമില്ലെന്നും കോവിഡ് പി.സി.ആർ. നെഗറ്റീവ് ഫലം മാത്രം മതിയെന്നുമാണ് സർക്കുലറിലുള്ളത്. അതേസമയം ഇക്കാര്യത്തിൽ ജി.ഡി.ആർ.എഫ്.എ., ഐ.സി.എ. വിഭാഗങ്ങളിൽനിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം.
വിദേശികൾക്ക് കുവൈത്തിൽ പ്രവേശിക്കുന്നതിന് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ഞായറാഴ്ച അവസാനിക്കുമെങ്കിലും ഉയർന്ന രോഗവ്യാപന സാധ്യതയുള്ള 35 രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള യാത്രാവിലക്കുകൾ ഉടൻ പിൻവലിക്കില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
തിങ്കളാഴ്ചമുതൽ ബഹ്‌റൈനിലേക്ക് പ്രവേശിക്കുന്നവർക്ക് മൂന്ന് തവണയായി കോവിഡ് പരിശോധനകൾ നിർബന്ധമാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഒമാനും നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ്. വൈറസ് വ്യാപനമുള്ള രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകൾ നിർത്തിവെക്കുന്നകാര്യം സർക്കാരിന്റെ പരിഗണനയിലാണെന്നാണ് വിവരം.