കുവൈത്ത് സിറ്റി : വിദേശികൾക്ക് ഫെബ്രുവരി 21 ഞായറാഴ്ച മുതൽ കുവൈത്തിലേക്ക് പ്രവേശിക്കാം. രണ്ടാഴ്ചയോളം നീണ്ടുനിന്ന താത്കാലിക വിലക്കിനുശേഷമാണ് അതിർത്തി തുറക്കുന്നത്. എന്നാൽ ഇന്ത്യയുൾപ്പെടെ 35 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നേരിട്ട് രാജ്യത്തേക്ക് പ്രവേശിക്കാനാവില്ല. ഇവർക്ക് വിലക്കില്ലാത്ത രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റീൻ പൂർത്തിയാക്കിയതിനുശേഷം മാത്രമേ പ്രവേശിക്കാനാവൂ.
കുവൈത്തിലേക്ക് യാത്ര ചെയ്യാനെത്തിയ നിരവധി പേരാണ് യു.എ.ഇ.യിൽ കുടുങ്ങിക്കിടക്കുന്നത്. കൂട്ടത്തിൽ മലയാളികൾ ഉൾപ്പെടെയുള്ളവരുണ്ട്. ഇവർക്ക് 21 മുതൽ ക്വാറന്റീൻ പൂർത്തിയാക്കിയശേഷം യാത്ര സാധ്യമാകും. അതേസമയം കുവൈത്തിലേക്കുള്ള വിമാനത്തിൽ 35 പേർക്ക് മാത്രമാണ് യാത്രാനുമതി. എന്നാൽ രാജ്യത്തിന് പുറത്തേക്കുള്ള വിമാനത്തിൽ നിയന്ത്രണമില്ല. രാജ്യത്തെത്തിയാലും ഒരാഴ്ച ഹോട്ടലിലും പിന്നീട് ഏഴുദിവസം വീട്ടിലും ക്വാറന്റീൻ പൂർത്തിയാക്കണം.