അബുദാബി : ഗതാഗത സുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായി വേറിട്ട പദ്ധതിയുമായി അബുദാബി പോലീസ്. ബോധവത്കരണ ക്ലാസിൽ പങ്കെടുക്കുന്നവർക്ക് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കിക്കൊടുത്തുകൊണ്ടാണ് പോലീസ് പ്രവർത്തനങ്ങൾ സജീവമാക്കുന്നത്.

എമിറേറ്റ്സ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുമായി ചേർന്നാണ് പോലീസ് ഫോളോഅപ്പ് ആഫ്റ്റർകെയർ വിഭാഗം ക്ലാസുകൾ നൽകുക. വനിതാ ഡ്രൈവർമാർക്കുകൂടി പ്രയോജനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഓൺലൈൻ ശില്പശാലകളും പോലീസ് നടത്തുന്നുണ്ട്. അറബിക്, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളിലാണ് ബോധവത്കരണം നടത്തുന്നതെന്ന് ഡയറക്ടർ കേണൽ അഹമ്മദ് ജുമ അൽ ഖൈലി പറഞ്ഞു. സുരക്ഷിതമായ ഡ്രൈവിങ്‌ ശീലങ്ങളെക്കുറിച്ചും ബ്ലാക്ക് പോയിന്റുകൾ എങ്ങനെ ഒഴിവാക്കാമെന്നതിനെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരെ പ്രത്യേക കോഴ്‌സുകളിലും പ്രഭാഷണസെഷനുകളിലും പങ്കെടുപ്പിച്ചു കൊണ്ട് പരിശീലനം നൽകും. വർഷത്തിലൊരിക്കൽ ഇതിൽ പങ്കെടുത്താൻ മതിയാവും. പങ്കെടുക്കുന്നവരുടെ ലൈസൻസിലെ എട്ട് ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കാൻ ഇതിലൂടെയാവും. മുസഫ, അൽ ദഫ്ര സായിദ് സിറ്റി, അൽഐൻ മൊറവാബ് അൽ ഖാദിം എന്നിവിടങ്ങളിലാണ് ക്ലാസുകൾ നടക്കുക.

ഗതാഗത പരിഷ്‌കരണം നിലവിൽവന്നു

ദുബായ് : നാദ് അൽ ഷെബ പാലം ഭാഗികമായി തുറന്നുകൊടുക്കുന്നതിനാൽ ദുബായ്-അൽഐൻ റോഡിൽ ഗതാഗതം വഴിതിരിച്ച് വിട്ടതായി റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അറിയിച്ചു. നാദ് അൽ ഷെബ-2 ഭാഗത്ത് നിന്നും നാദ് അൽ ഷെബ 1-ലേക്കും, ദുബായ്-അൽഐൻ റോഡിലും സഞ്ചരിക്കുന്നവരുടെ വാഹനങ്ങൾ നാദ് അൽ ഹമാർ റോഡിലേക്കാണ് വഴിതിരിച്ചുവിടുന്നത്. നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ഡ്രൈവർമാർ യാത്രകൾ പുനഃക്രമീകരിക്കേണ്ടതാണ്-ആർ.ടി.എ. പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.