ദുബായ് : വിനോദസഞ്ചാര രംഗങ്ങളിലും സാങ്കേതികതയിലും കുതിച്ചുചാട്ടം നടത്തുമ്പോഴും പൈതൃകം മുറുകെപ്പിടിച്ച് ദുബായ്. ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച ലോക പൈതൃകദിനമായ ഏപ്രിൽ 18-ന് ദുബായ് നഗരത്തിന്റെ വേറിട്ട കാഴ്ചകൾ വിശദീകരിക്കുകയാണ് വിനോദ സഞ്ചാരസാംസ്കാരിക വകുപ്പ്.

ദുബായ് നഗരത്തിന്റെ ഇന്നത്തെ വികസനം ലോകത്തെ അമ്പരപ്പിക്കുന്നതാണ്. സാങ്കേതികതയിൽ മറ്റേത് നഗരത്തെക്കാളും മുൻനിരയിലാണ് ദുബായുടെ സ്ഥാനം.

അടിസ്ഥാന സൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം, വിനോദസഞ്ചാരം തുടങ്ങിയെല്ലാ മേഖലയിലും ബഹുദൂരം മുന്നിൽ നടക്കുന്ന ഈ നഗരം ഇപ്പോഴും പൈതൃകത്തെ നെഞ്ചോടുചേർക്കുന്നുവെന്നത് പ്രത്യേകതയാണ്. 2018-ൽ സ്ഥാപിതമായ ഇമറാത്തി കൾച്ചറൽ ഹെറിറ്റേജ് ഫോറമടക്കമുള്ള ഒട്ടേറെ പ്രവർത്തനങ്ങളിലൂടെ പൈതൃകസംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങളിൽ ദുബായ് സജീവമാണ്.

ഗ്ലോബൽ വില്ലേജ് അടക്കമുള്ള വേദികളിലൂടെ യു.എ.ഇ. പൈതൃകം ലോകത്തിനുമുന്നിൽ അവതരിപ്പിക്കാനും അതിലൂടെ അന്താരാഷ്ട്ര സമൂഹത്തിനുമുന്നിൽ അവബോധം സൃഷ്ടിക്കാനുമായി. പരമ്പരാഗത കലകളുടെ മേളകൾ സംഘടിപ്പിക്കുക വഴി നെയ്ത്, കരകൗശല വസ്തുക്കളുടെ നിർമാണം, പൈതൃക നൃത്തസംഗീതം എന്നവയെല്ലാം വരും തലമുറകളിലേക്കും പകരാനായി. ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ദുബായിൽ ഉയരുന്ന ഓരോ നിർമിതിയിലും സംസ്കൃതിയുടെ മനോഹരമായ സമാഗമം കാണാനാവും.

പരമ്പരാഗത പാനീയവും ഈന്തപ്പഴവും നൽകി സന്ദർശകരെ സ്വീകരിക്കുന്നതുമുതൽ ഈ നഗരത്തിന്റെ പൈതൃകഗന്ധം ശ്വസിക്കാൻ ഇവിടെയെത്തുന്ന ഓരോരുത്തർക്കുമാവുന്നു. ‘‘ഭൂതകാലത്തെ അറിയാത്തവന് മികച്ച വർത്തമാനവും മഹത്തായ ഭാവിയും സാധ്യമല്ല’’ എന്ന യു.എ.ഇ. രാഷ്ട്രപിതാവിന്റെ വാക്കുകൾ ഈ പ്രവർത്തനങ്ങൾക്കെല്ലാം കരുത്തേകുന്നു.