ദുബായ് : മുലയൂട്ടുന്ന അമ്മമാർക്കും ഗർഭം ധരിക്കാനിരിക്കുന്നവർക്കും ഫൈസർ ബയോഎൻടെക് വാക്സിൻ ഇപ്പോൾ എടുക്കാനവസരമുണ്ടെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ.) അറിയിച്ചു.

കോവിഡ് വാക്സിൻ യോഗ്യതാ മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയപ്രഖ്യാപനം. പുതിയ അന്തർദേശീയ പഠനങ്ങളും മാർഗ നിർദേശങ്ങളും അടിസ്ഥാനമാക്കിയാണ് മുലയൂട്ടുന്ന അമ്മമാർക്കും ഗർഭം ധരിക്കാനിരിക്കുന്നവർക്കും ഫൈസർ ബയോഎൻടെക് വാക്സിൻ ഇപ്പോൾ നൽകാനുള്ള തീരുമാനമെടുത്തത്. കോവിഡ് രോഗികൾ നെഗറ്റീവ് ഫലംവന്ന് ക്വാറന്റീൻ കാലാവധി തീരുന്നതുവരെ കാത്തിരിക്കണം.

അണുബാധ മിതമോ കഠിനമോ ആണെങ്കിലോ അഥവാ രോഗി ആശുപത്രിയിലാണെങ്കിലോ വാക്സിൻ നൽകാനുള്ള സമയപരിധി പരിശോധിക്കുന്നത് ഡോക്ടറുടെ തീരുമാനമനുസരിച്ചായിരിക്കും. എങ്കിലും മിതമായി രോഗംബാധിച്ചവർക്കും രോഗലക്ഷണങ്ങളില്ലാത്തവർക്കും ക്വാറന്റീൻ കഴിയുന്നതോടെ വാക്സിൻ എടുക്കാവുന്നതാണെന്നും ഡി.എച്ച്.എ. ക്ലിനിക്കൽ സപ്പോർട്ട് സർവീസസ് സി.ഇ.ഒ. ഡോ. ഫരീദ അൽ ഖജ പറഞ്ഞു.