അബുദാബി : ഇന്ത്യൻ ഊർജമേഖലയിൽ വർധിച്ചുവരുന്ന സാധ്യതകൾ പ്രയോജനപ്പെടുത്താൻ യു.എ.ഇ. പദ്ധതി. ഇതിന്റെ ഭാഗമായി ഇന്ത്യൻ വിപണിയിൽ അഡ്‌നോക് ഉത്പന്നങ്ങങ്ങൾ ലഭ്യമാക്കാൻ തയ്യാറാണെന്ന് യു.എ.ഇ. വ്യവസായ നൂതന സാങ്കേതിക വകുപ്പുമന്ത്രിയും അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്‌നോക്) സി.ഇ.ഒ.യുമായ ഡോ. സുൽത്താൻ അൽ ജാബർ അറിയിച്ചു.

ഏഷ്യൻ രാജ്യങ്ങളിൽ പൊതുവിൽ സുസ്ഥിര ഊർജസങ്കേതങ്ങളുടെ ആവശ്യകത വർധിച്ചുവരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അഡ്‌നോക് പ്രവർത്തനങ്ങളുടെ ഭാഗമായി നിലവിൽ 3,00,000 ടൺ ഹൈഡ്രജനാണ് ഒരുവർഷം ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളും മാലിന്യമുക്തമായ ഊർജസ്രോതസ്സുകളെ കൂടുതലായി ഉപയോഗിക്കാനുള്ള ശ്രമങ്ങളിലാണ്. ഇതിലേക്ക് യു.എ.ഇ.ക്ക് കൂടുതൽ സംഭാവനകൾ നൽകാനാവും. പൊതു-സ്വകാര്യ മേഖലാ പങ്കാളിത്തത്തിലൂടെ ഇന്ത്യയിലെ ഹൈഡ്രജൻ വിപണി സാധ്യതകൾ പരിശോധിക്കാനും അഡ്‌നോക് തയ്യാറാണ്.

ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള ബന്ധം ഏറ്റവും ഊഷ്മളമാണ്. അതോടൊപ്പം തന്നെ യു.എ.ഇ.യുടെ ഏറ്റവുംവലിയ വാണിജ്യപങ്കാളികൂടിയാണ് ഇന്ത്യയെന്നും സുൽത്താൻ അൽ ജാബർ പറഞ്ഞു.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ പെട്രോളിയം ഇൻഡസ്ട്രിയുടെയും ഇന്ത്യയിലെ പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെയും സഹകരണത്തോടെ എനർജി ഫോറം സംഘടിപ്പിച്ച വെർച്വൽ യോഗത്തിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.