ഷാർജ: യു.എ.ഇ.യിൽ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഒമ്പത് ആത്മഹത്യകൾ നടന്നു. മരിച്ചവരെല്ലാം മലയാളികളാണ്. അഞ്ചുപേരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിലുള്ളവരാണ് മരിച്ചവരിൽ ഭൂരിഭാഗവും. കുടുംബപ്രശ്നങ്ങളും സാമ്പത്തിക ബാധ്യതയുമാണ് കൂടുതൽപേരും ആത്മഹത്യ ചെയ്യാനിടയാക്കിയതെന്നാണ് മരിച്ചവരുടെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നതെന്ന് സാമൂഹികപ്രവർത്തകനായ അഷറഫ് താമരശ്ശേരി പറഞ്ഞു.

ഇന്ത്യൻ അസോസിയേഷൻ അടക്കമുള്ള സംഘടനകളും സ്ഥാപനങ്ങളും ആത്മഹത്യയ്ക്കെതിരേ ബോധവത്കരണത്തിന് നേതൃത്വം കൊടുക്കണം. പ്രവാസികളായ സാധാരണക്കാരിലാണ് ബോധവത്കരണം കൂടുതൽ ആവശ്യമെന്നും അഷറഫ് പറയുന്നു. മലയാളികളല്ലാതെ മറ്റ് ഭാഷക്കാരും ആത്മഹത്യ ചെയ്യുന്നവരിൽ ഉൾപ്പെടുമെങ്കിലും അവർ മദ്യപിച്ചുംമറ്റും പെട്ടന്നുള്ള വികാരത്തിലുമാണ് ആത്മഹത്യചെയ്യുന്നതെന്ന് ഷാർജയിലുള്ള ആന്ധ്രസ്വദേശിയായ സാമൂഹികപ്രവർത്തകർ വ്യക്തമാക്കുന്നു.

പ്രധാന വില്ലൻ സാമ്പത്തികബാധ്യത

സാമ്പത്തികബാധ്യതയാണ് പ്രവാസിമലയാളികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന പ്രധാന വില്ലൻ. വരുമാനം നോക്കാതെ ചെലവാക്കുന്ന രീതിയും ആഡംബരജീവിതവും പ്രശ്നങ്ങൾ വീട്ടുകാരോടുപോലും പറയാതിരിക്കുന്നതുമെല്ലാം ജീവിതം അവസാനിപ്പിക്കാനുള്ള കാരണമായി മലയാളികൾക്കിടയിൽ കണ്ടെത്തിയിട്ടുണ്ട്. രൂപയുടെ മൂല്യം കുറയുമ്പോൾ എങ്ങിനേയും നാട്ടിൽ പണമയയ്ക്കുക എന്ന ചിന്തയും ഒരു ശരാശരി പ്രവാസിയെ കടക്കാരനാക്കാം. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുപോലും ലോണെടുത്താണ് പലരും നാട്ടിലേക്ക് പണമയയ്ക്കുന്നത്. നാട്ടിലേക്കയച്ച പണം കൃത്യതയില്ലാതെ ചെലവാക്കുകയും ഭൂമിയിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. ചിലരാണെങ്കിൽ കൂടിയ പലിശയ്ക്ക് ലോണെടുത്ത് കുറഞ്ഞപലിശ ലഭിക്കുന്ന ഫിക്സഡ് ഡെപ്പോസിറ്റ് രീതിയും സ്വീകരിക്കുന്നതും ബാധ്യത കൂട്ടാനാണ് സഹായിക്കുക. വിപണിയറിയാതെ സംരംഭം തുടങ്ങുന്നതും സാമ്പത്തികബാധ്യതയുടെ മറ്റൊരു കാരണമാണ്. ഭാവിയെക്കൂടി മുന്നിൽക്കണ്ട് കരുതലുണ്ടാകണം.

ഭാസ്‌കർ രാജ് (സാമ്പത്തിക വിദഗ്‌ധൻ)