അബുദാബി : ഹ്രസ്വസന്ദർശനത്തിന് യു.കെ.യിലെത്തിയ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിദേശകാര്യ സെക്രട്ടറി ലിസ് ട്രെസുമായി കൂടിക്കാഴ്‌ച നടത്തി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനുള്ള നടപടികൾ ചർച്ചചെയ്തു. ദേശീയ, അന്തർദേശീയ തലങ്ങളിലെ വെല്ലുവിളികൾ ശൈഖ് മുഹമ്മദ് വിശദമാക്കി. ഇതിനെതിരേ രാജ്യങ്ങൾ തമ്മിലുള്ള യോജിച്ചുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് ഇരുവരും വ്യക്തമാക്കി. ‌

അബുദാബി എയർപോർട്ട് കമ്പനി ചെയർമാൻ മൊഹമ്മദ് ബിൻ ഹമദ് ബിൻ തനൂൻ അൽ നഹ്യാൻ, പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ്, അന്താരാഷ്ട്ര സഹകരണവകുപ്പ് മന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, അബുദാബി എക്സിക്യുട്ടീവ് അഫയർ അതോറിറ്റി ചെയർമാൻ ഖൽദൂൻ ഖലീഫ അൽ മുബാറക് എന്നിവരും ഉന്നത ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധികളും കൂടിക്കാഴ്ചയുടെ ഭാഗമായി.