ദുബായ് : മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏറ്റവുമധികം വെല്ലുവിളികൾ നേരിട്ട വിഭാഗമാണ് നിശ്ചയദാർഢ്യക്കാരും അവരുടെ രക്ഷിതാക്കളും. കൃത്യമായ സ്‌കൂൾ, പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കാതിരുന്ന ഈ കാലഘട്ടത്തിൽ അവരുടെ രക്ഷിതാക്കൾ കടന്നുപോയ മാനസികവും സാമൂഹികവുമായ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി പ്രത്യേക സഹായപദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് സാമൂഹികവികസന മന്ത്രാലയം.

പരമ്പരാഗത ക്ലാസ്റൂം പഠനരീതികൾ പൂർണമായും ഓൺലൈൻ രീതികളിലേക്ക് വഴിമാറിയപ്പോൾ അതിനനുസരിച്ച് സഞ്ചരിക്കാൻ പലതരം മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് എളുപ്പത്തിൽ കഴിഞ്ഞിരുന്നില്ല. ജോലിയുപേക്ഷിച്ച് മുഴുവൻ സമയം കുട്ടികൾക്കൊപ്പം ചെലവഴിക്കാൻ രക്ഷിതാക്കൾക്കും കഴിഞ്ഞിരുന്നില്ല. ഈ വിഷയത്തിൽ മന്ത്രാലയം നടത്തിവന്ന പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ സാധ്യതകൾ പങ്കുവെച്ചിരിക്കുന്നത്. സാധാരണ പഠനരീതികൾക്ക് പകരമായി നൈപുണ്യവികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രായോഗിക പഠനസംവിധാനങ്ങൾ ഉൾപ്പെടുത്താനാണ് മന്ത്രാലയത്തിന്റെ പഠനം വ്യക്തമാക്കുന്നത്.

രക്ഷിതാക്കളും അധ്യാപകരും വിദ്യാർഥികളും നേരിട്ട വെല്ലുവിളികൾ പ്രധാനമായും ആറുതരത്തിലുള്ളവയാണെന്ന് സാമൂഹികവികസന മന്ത്രാലയം മനഃശാസ്ത്രജ്ഞൻ ഡോ. റൗവ്ഹി അബ്ദാത് പറഞ്ഞു. വിദ്യാർഥികളുടെ ശ്രദ്ധയാകർഷിക്കാൻ അധ്യാപകർക്ക് ഓൺലൈൻ ക്ലാസുകളിൽ പരിമിതികൾ അധികമായിരുന്നു. നേരിട്ടുള്ള ഇടപടലുകൾ ഇല്ലാത്തതിനാൽ വിദ്യാർഥികളുടെ ഭാഗത്തുനിന്നുള്ള സമീപനവും കൃത്യതയോടെയില്ലാതായി. പഠിക്കാനും ഹോംവർക്കുകൾ ചെയ്തുതീർക്കാനും വിദ്യാർഥികൾ ബുദ്ധിമുട്ടി. സാമൂഹിക ഇടപടലുകൾ പൂർണമായും ഇല്ലാതായതിന്റെ ബുദ്ധിമുട്ടുകളും ഏറെയായിരുന്നു. ഇന്റർനെറ്റിന്റെ വേഗവും ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലെ പരിചയക്കുറവും വെല്ലുവിളിയായി. എങ്കിലും സ്വന്തമായി പഠിക്കാനുള്ള ശേഷി വാർത്തെടുക്കാൻ ചിലർക്കെങ്കിലും ഓൺലൈൻ രീതികൾ സഹായകമായതായും ഡോക്ടർ പറയുന്നു. രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു.

ഓൺലൈൻ പഠനരീതികളെക്കുറിച്ച് രക്ഷിതാക്കൾക്ക് അവബോധമുണ്ടാക്കാൻ പ്രത്യേക പരിശീലനം ആവശ്യമാണെന്ന കണ്ടെത്തൽ പഠനം വ്യക്തമാകുന്നു. ടെലികമ്യൂണിക്കേഷൻ സേവനദാതാക്കൾ സവിശേഷ പരിഗണന നിശ്ചയദാർഢ്യക്കാരായ വിദ്യാർഥികളുടെ താമസകേന്ദ്രങ്ങൾക്ക് ലഭ്യമാക്കണമെന്നും വിദ്യാഭ്യാസ രീതിയുടെ വൈവിധ്യവത്കരണത്തിന് അധ്യാപകർക്ക് പ്രത്യേക പരിശീലനം ആവശ്യമാണെന്നും പഠനറിപ്പോർട്ട് അടിവരയിടുന്നു.