അബുദാബി : തൊഴിലിടങ്ങളിൽ ലിംഗഭേദമന്യേ തുല്യവേതനമെന്ന മാതൃകാപരമായ ആശയം കഴിഞ്ഞ മൂന്നുവർഷമായി യു.എ.ഇ നടപ്പാക്കിവരികയാണ്. ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര തുല്യവേതന ദിനമായ സെപ്റ്റംബർ 18-ന് അടിസ്ഥാന മനുഷ്യാവകാശങ്ങളിലൊന്നായ തുല്യവേതനം ഉറപ്പാക്കുന്നതിലൂടെ രാജ്യം കൈവരിച്ച നേട്ടങ്ങൾ ചർച്ചചെയ്യുകയും ആഗോളതലത്തിൽ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമാവുകയും ചെയ്യുന്നു.

ഐക്യരാഷ്ട്രസഭയുടെ 2020-ലെ മാനവ വികസനപദ്ധതിയുടെ ഭാഗമായുള്ള ലിംഗ അസമത്വ സൂചികയിൽ രാജ്യം ആഗോളതലത്തിൽ 18-ാമതും മേഖലയിൽ ഒന്നാമതുമാണ്. ശക്തമായ നിയമനിർമാണത്തിലൂടെ മിന മേഖലയിൽ സാമ്പത്തിക രംഗങ്ങളിൽ വനിതാ പ്രാതിനിധ്യം ഉയർത്താൻ യു.എ.ഇക്ക് കഴിഞ്ഞതായി ലോകബാങ്കിന്റെ 2021-ലെ ‘വുമൻ, ബിസിനസ് ആൻഡ്‌ ദി ലോ’ എന്ന പഠനം വ്യക്തമാക്കുന്നു.

വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ‘ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ടിലും’ അറബ് ലോകത്ത് യു.എ.ഇയുടെ സ്ഥാനം ഒന്നാമതാണ്. ഒരേതൊഴിലെടുക്കുന്ന വനിതകൾക്കും പുരുഷന്മാർക്കും ഒരേവേതനം ഉറപ്പാക്കുന്നതായി യു.എ.ഇ. തൊഴിൽ നിയമങ്ങളും വ്യക്തമാക്കുന്നു. യു.എ.ഇയിലെ വിവിധ മേഖലകളിലെ വനിതാ പ്രാതിനിധ്യവും ഉയർന്നിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരിൽ 64 ശതമാനവും വനിതകളാണ്. ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യമേഖലയിലെ സാങ്കേതിക പ്രവർത്തകർ എന്നിവരുടെ എണ്ണത്തിലും 64 ശതമാനം വനിതകളാണ്. യു.എ.ഇയിൽ പ്രവർത്തിക്കുന്ന 80,025 കമ്പനികളുടെ ഉടമസ്ഥാവകാശം സ്ത്രീകൾക്കാണ്. മാനേജ്‌മെന്റ് രംഗങ്ങളിൽ 21.5 ശതമാനവും വിദഗ്ധ തൊഴിൽ രംഗങ്ങളിൽ 32.5 ശതമാനവും വനിതകളാണ്.