ദുബായ് : ലോക മഹാമേളയായ എക്സ്‌പോ-2020 ദുബായ് വേദി ഭാവിയിലെ മറ്റൊരു നഗരമായി പ്രഖ്യാപിക്കാനുള്ള പ്രാരംഭ തയ്യാറെടുപ്പിൽ അധികൃതർ. ഭാവിയിലെ മനുഷ്യകേന്ദ്രീകൃതനഗരം (ഡിസ്ട്രിക്ട്-2020) എന്ന് മുൻകൂട്ടി നാമകരണം ചെയ്യപ്പെട്ട എക്സ്‌പോ നഗരിയിൽ 1,45,000-ത്തിലേറെ പേർക്ക് താമസിക്കാനുള്ള സൗകര്യങ്ങളൊരുക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇത്തരത്തിലൊരു ഭാവിനഗരം ഇതിനുമുമ്പൊരിക്കലും കണ്ടിട്ടില്ലെന്ന് ഒട്ടേറെ വർഷങ്ങൾ യു.എ.ഇ.യിലുണ്ടായിരുന്ന, വിവിധ ഉന്നത പദ്ധതികൾക്ക് മേൽനോട്ടം വഹിച്ചിട്ടുള്ള ഡിസ്ട്രിക്ട്-2020 സീനിയർ വൈസ് പ്രസിഡന്റ് സഞ്ജീവ് ഖോസ്ല പറഞ്ഞു.

നിശ്ചയദാർഢ്യക്കാരായ ആളുകൾക്കുൾപ്പെടെ എല്ലാവർക്കും ഇടപഴകാനാവുന്ന തരത്തിലാണ് നഗരിയുടെ നിർമിതി. കുടുംബങ്ങൾക്കും തൊഴിലാളികൾക്കും വിശ്രമിക്കാനും വേദിയിലെ കാഴ്ചകൾ ആസ്വദിക്കാനും നടക്കാനും ഉൾപ്പെടെ എല്ലാസൗകര്യങ്ങളുമുണ്ട്. ജനങ്ങൾ നഗരിയിൽ താമസിക്കാനും ജോലിചെയ്യാനും തുടങ്ങിയാൽ ഈ നഗരി വേറിട്ട മാതൃകയാവും. സ്മാർട്ട് ലോജിസ്റ്റിക്സ്, മൊബിലിറ്റി, സ്മാർട്ട് സിറ്റി എന്നിവ സൃഷ്ടിക്കാൻ ഡിസ്ട്രിക്ട്-2020 ഇതിനകം സീമെൻസ്, ടെർമിനസ്, ഡി.പി. വേൾഡ് എന്നിവയുമായി ചേർന്നുപ്രവർത്തിക്കുന്നുണ്ട്. എക്സ്‌പോ-2020 ഭാവിനഗരമായ ഡിസ്ട്രിക്ട് 2020 ആകുമ്പോൾ എങ്ങനെയിരിക്കും എന്നതിന്റെ പ്രാരംഭപഠനമാണ് നടക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

പലസ്തീൻ നഗരിയുടെ കാഴ്ചകൾ

ദുബായ് : ആകർഷകമായ രീതിയിലാണ് പലസ്തീൻ പവിലിയന്റെ രൂപഘടന. പലസ്തീൻ തെരുവുകളുടെ തനി പകർപ്പാണെന്നാണ് കാഴ്ചക്കാരുടെ സാക്ഷ്യം. നഗരത്തിന്റെ പ്രശസ്തമായ ഭാഗങ്ങൾ, വിപണനസ്ഥലങ്ങൾ, ചിത്രീകരണങ്ങൾ എന്നിവയെല്ലാം പവിലിയന്റെ ചുമരുകളിൽ കാണാം. ചരിത്രപരമായ അൽ അഖ്‌സ പള്ളിയും ചർച്ച് ഓഫ് നേറ്റിവിറ്റിയുമെല്ലാം ഇവിടെയുണ്ട്. പലസ്തീന്റെ ചരിത്രത്തിലേക്ക് തുറന്നുവെച്ച പുസ്തകമെന്നോണമാണ് പവിലിയൻ നിർമിതി.

ഭാവിയിലെ വനം: സംരംഭമൊരുക്കി യു.പി.എസ്.

ദുബായ് : ഭാവിയിലെ വനം എന്ന പുതിയ ആശയവുമായി എക്സ്‌പോയുടെ ഭാഗമായ പാക്കേജ് ഡെലിവറി കമ്പനി യു.പി.എസ്. പാർസൽ അയക്കുന്ന ഓരോ വ്യക്തിയും ഒരു മരം വീതം നടുക എന്നതാണ് സംരംഭം. ഉപഭോക്താക്കൾക്ക് മരം നടേണ്ട സ്ഥലം സ്വയം തിരഞ്ഞെടുക്കാം.

ഫോറസ്റ്റ് ഓഫ് ദി ഫ്യൂച്ചർ വഴി യു.പി.എസ്. ഫൗണ്ടേഷൻ യു.എ.ഇ.യിൽ 750 മരങ്ങൾ ഉൾപ്പെടെ 10,000 മരങ്ങൾ നട്ടുപിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ, 2025-ൽ അടുത്ത വേൾഡ് എക്സ്‌പോ നടക്കുന്ന ജപ്പാനിൽ 2025 മരങ്ങൾ നട്ടുപിടിപ്പിക്കും.