അബുദാബി : സ്തനാർബുദ മാസാചരണത്തിന്റെ ഭാഗമായി ലുലു ഗ്രൂപ്പ് പിങ്ക് കാരവൻ പദ്ധതിയുമായി സഹകരിച്ച് ഹൈപ്പർമാർക്കറ്റുകളിൽ ‘പിങ്ക് നൗ’ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

ഒക്ടോബർ 31 വരെ നടക്കുന്ന പദ്ധതിയുടെ ഭാഗമായി ലുലുവിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങൾ വാങ്ങുമ്പോൾ ഫ്രൻഡ്‌സ് ഓഫ് കാൻസർ പേഷ്യന്റ്‌സ് (എഫ്.ഒ.സി.പി.) പ്രവർത്തനങ്ങളി ലേക്ക് സഹായധനമായി ഒരു ദിർഹം വീതം ലഭ്യമാക്കും. ആരോഗ്യബോധവത്കരണം ലക്ഷ്യമിട്ടുകൊണ്ടാണ് സമഗ്രമായ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ.സലിം പറഞ്ഞു.

തുടക്കത്തിൽ കണ്ടെത്താനായാൽ പൂർണമായും ചികിത്സിച്ചുഭേദമാക്കാൻ കഴിയുന്നതാണ് സ്തനാർബുദം. അതിനാലാണ് ബോധവത്കരണം ശക്തമാക്കുന്നത്.

സ്തനാർബുദം നേരത്തേ കണ്ടെത്തി ആവശ്യമായ ചികിത്സകൾ ലഭ്യമാക്കുന്നതടക്കമുള്ള ആരോഗ്യകരമായ സംസ്കാരം ബോധവത്കരണത്തിലൂടെ വാർത്തെടുക്കാൻ കഴിഞ്ഞിട്ടുള്ളതായി എഫ്.ഒ.സി.പി. ഡയറക്ടർ ജനറൽ ഡോ.സവ്‌സാൻ അൽ മാദി പറഞ്ഞു. 2019-ൽ പദ്ധതിയിലേക്ക് ലുലു ശാഖകൾ വഴി സമാഹരിച്ചത് 1,20,000 ദിർഹമാണ്.