ദുബായ് : ലോകത്തിലെ ഏറ്റവുംവലിയ വിവരസാങ്കേതികപ്രദർശനമായ ജൈറ്റക്‌സ് ഗ്ലോബലിന്റെ 41-ാമത് പതിപ്പിന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഞായറാഴ്ച തുടക്കമായി.

ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം ഉദ്ഘാടനം ചെയ്തു. ആഗോളസാങ്കേതികസമൂഹത്തെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധത യു.എ.ഇ. തുടരുമെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. ദുബായ് മീഡിയാ കൗൺസിൽ ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനൊപ്പം അദ്ദേഹം ജൈറ്റക്‌സ് വേദികളിൽ പര്യടനം നടത്തി. ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് വേൾഡ് ട്രേഡ് സെന്റർ അതോറിറ്റി, ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ടൂറിസം ആൻഡ് കൊമേഴ്‌സ് മാർക്കറ്റിങ് പ്രതിനിധികളും അദ്ദേഹത്തെ അനുഗമിച്ചു.

ജൈറ്റക്‌സ് പ്രദർശനത്തിൽ ലോകത്തെ ഏറ്റവും വലിയ ഐ.ടി കമ്പനികളടക്കം 60 രാജ്യങ്ങളിൽ നിന്നുള്ള 700-ലേറെ കമ്പനികൾ ഏറ്റവും പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കും. ഇന്ത്യൻ ഐ.ടി. വിഭാഗം ഇത്തവണ സജീവമായി രംഗത്തുണ്ട്. യുവ ടെക് കമ്പനികൾക്കായുള്ള സംരംഭകത്വം, നവീകരണം, നേതൃത്വ പരിപാടി എന്നിവയുൾപ്പെടുന്ന ജൈറ്റക്‌സ് യൂത്ത് എക്‌സ് യൂണിപ്രണർ 2021 ആദ്യമായി അരങ്ങേറും. ശില്പശാല, സംവാദം, സമ്മേളനം തുടങ്ങിയവയാണ് മറ്റുപരിപാടികൾ.

ഇന്ത്യൻകമ്പനികളും ഇന്ത്യയിൽനിന്നുള്ള ഐ.ടി. വിദഗ്ധരും പങ്കെടുക്കുകയും പ്രഭാഷണം നടത്തുകയും ചെയ്യും. 50-ലേറെ ഇന്ത്യൻകമ്പനികളാണ് അവരുടെ ഉത്പന്നങ്ങളും സേവനങ്ങളുമായി ജൈറ്റക്‌സിലുള്ളത്. നിർമിതബുദ്ധി, 5ജി, ക്ലൗഡ്, ബ്ലോക്ക് ചെയിൻ, സൈബർസുരക്ഷ, ബിഗ് ഡാറ്റ, ക്വാണ്ടം കംപ്യൂട്ടിങ്, ഇമ്മേഴ്‌സീവ് ടെക്‌നോളജീസ്, ഫിനാൻസ്, മറ്റ് പുതിയ സാങ്കേതികവിദ്യകൾ എന്നിവയ്ക്കും പ്രാധാന്യം നൽകിയുള്ളതാണ് ജൈറ്റക്‌സ്.

ടൈവുമൺ പിച്ച് മത്സരത്തിന്റെ ആഗോളഫൈനൽ ഇവിടെ നടക്കും. ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ്, ദുബായ് എയർപോർട്ട്, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ഫോറിനേഴ്‌സ് അഫയേഴ്‌സ് തുടങ്ങി പൊതുമേഖലാസ്ഥാപനങ്ങളും ഈ മാസം 21 വരെ നടക്കുന്ന മേളയിൽ പങ്കെടുക്കും. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് പരിപാടി.

സജീവമായി കേരള ഐ.ടി. പാർക്ക്

ദുബായ് : ആഗോള വിവരസാങ്കേതികമേളയായ ജൈറ്റക്സിൽ സജീവമായി കേരള ഐ.ടി. പാർക്ക്. ജി.സി.സി.യിലെ അതിവേഗം വളരുന്ന ഡിജിറ്റൽ മേഖലയിൽ കാര്യമായ സംഭാവനകൾ ലഭ്യമാക്കാൻ സാധ്യതകൾതേടുകയാണ് കേരളത്തിൽനിന്നുള്ള കമ്പനികൾ. 20 സ്റ്റാർട്ടപ്പുകളും 30 ഐ.ടി. കമ്പനികളുമാണ് മേളയിൽ കേരള ഐ.ടി. പാർക്കിലൂടെ എത്തിയിരിക്കുന്നത്. 50 അംഗ പ്രതിനിധിസംഘമാണ് ഇതിന് നേതൃത്വം നൽകുന്നത്.

‘ഫ്യൂച്ചർ പെർഫെക്റ്റ്’ എന്ന ആശയത്തിൽ ജി.സി.സി.യിലെ സ്വകാര്യ, പൊതുരംഗങ്ങളിൽ നിന്നുള്ള കൂടുതൽ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം സ്ഥാപനങ്ങൾ ലക്ഷ്യമിടുന്നു. കേരള ഐ.ടി. പാർക്ക് സി.ഇ.ഒ. ജോൺ എം. തോമസ്, കേരള ഐ.ടി. മിഷൻ ഡയറക്ടർ സ്‌നേഹിൽ കുമാർ സിങ് എന്നിവരാണ് കേരളത്തിൽനിന്നുള്ള സംഘത്തിന് നേതൃത്വം നൽകുന്നത്.

ഇന്ത്യയിലെ മികച്ച ഐ.ടി. സംവിധാനമാണ് കേരളത്തിൽ പ്രവർത്തിക്കുന്നതെന്ന് ജോൺ എം. തോമസ് പറഞ്ഞു. പ്രതിവർഷം ഒന്നരലക്ഷത്തിലധികം ബിരുദധാരികളാണ് കേരളത്തിലെ ഐ.ടി. മേഖലയിൽ പഠിച്ചിറങ്ങുന്നത്. ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളെക്കാൾ മികച്ചരീതിയിലുള്ള പ്രവർത്തനങ്ങൾക്ക് കേരളത്തിൽ സാധ്യതയേറേയാണ്. ഇൻഫോസിസ്, യു.എസ്.ടി. ഗ്ലോബൽ, ടി.സി.എസ്., ഒറാക്കിൾ തുടങ്ങി ഏറ്റവും മികച്ച 900 ഐ.ടി. കമ്പനികൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. 1000 സ്റ്റാർട്ടപ്പുകളും ഇവിടെയുണ്ട്. 120,000 പേർക്ക് നേരിട്ട് ഇവിടെ ജോലി ലഭ്യമാക്കുന്നതായും അദ്ദേഹം പറഞ്ഞു.