അബുദാബി : വെള്ളിയാഴ്ച ആരംഭിക്കുന്ന സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ നഗരിയിലേക്ക് സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തി. അൽ വത്ബയിലെ സ്ഥിരം ആഘോഷ വേദിയിൽ 2021 ഫെബ്രുവരി 20 വരെയാണ് ആഘോഷം.

അബുദാബിയിലെ പ്രധാന ബസ് ടെർമിനലിൽനിന്ന് ബൈൻ അൽ ജസ്‌റിൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സൂപ്പർമാർക്കറ്റ്, ബനിയാസ് ബസ് സ്റ്റേഷൻ എന്നിവ വഴിയാണ് ബസ് അൽ വത്ബയിലെ ഹെറിറ്റേജ് ഫെസ്റ്റിവലിലെത്തുക. ഓരോ മണിക്കൂർ ഇടവിട്ട് വൈകീട്ട് മൂന്ന് മണി മുതൽ ഏഴുമണി വരെ അൽ വത്ബയിലേക്കും വൈകീട്ട് അഞ്ച് മണി മുതൽ രാത്രി 11 മണി വരെ തിരിച്ച് അബുദാബിയിലേക്കുമാണ് സർവീസ്.

മൂന്ന് മാസം നീളുന്ന ആഘോഷങ്ങളുടെ ഭാഗമായി 3,500 വ്യത്യസ്ത പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 80,000 ആളുകളെയാണ് ഒരു ദിവസം പ്രതീക്ഷിക്കുന്നത്. അഞ്ച് ദിർഹമാണ് പ്രവേശന ടിക്കറ്റ് നിരക്ക്. നിശ്ചയദാർഢ്യക്കാർക്കും പത്തുവയസ്സിന് താഴെയുള്ള കുട്ടികൾക്കും പ്രവേശനം സൗജന്യമാണ്.