ദുബായ് : ആറ് മാസം പ്രായമുള്ള ഗർഭസ്ഥശിശുവിന് അപൂർവ ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ ടീമിന് അഭിനന്ദനം. ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരിട്ടെത്തിയതാണ് ദുബായ് ലത്തീഫ ഹോസ്പിറ്റലിലെ മെഡിക്കൽ സംഘത്തെ അഭിനന്ദിച്ചത്.

ഗർഭസ്ഥശിശുവിന്റെ നട്ടെല്ലിനുള്ള തകരാറ് ശരിയാക്കാനായിരുന്നു ആറ് മണിക്കൂർ ദൈർഘ്യമുള്ള അപൂർവ ശസ്ത്രക്രിയ. യു.എ.ഇ.യിൽ ഇതാദ്യമായാണ് ഇത്തരത്തിലൊരു ശസ്ത്രക്രിയ നടക്കുന്നത്. ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ ഒട്ടേറെ ശാരീരിക വൈകല്യങ്ങളുണ്ടാകാൻ സാധ്യതയുണ്ടായിരുന്നു.

ഗർഭാശയത്തിൽ 25 ആഴ്ച മാത്രം പ്രായമുള്ള, 700 ഗ്രാം ഭാരമുള്ള കുഞ്ഞിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയ ടീമിനെ കണ്ടുവെന്ന് ശൈഖ് ഹംദാൻ ചിത്രം സഹിതം ട്വീറ്റ് ചെയ്തു. ആരോഗ്യമുള്ള കുഞ്ഞിനെ സ്വാഗതം ചെയ്യാൻ കാത്തിരിക്കുന്ന ഇമറാത്തി കുടുംബത്തിന് പ്രതീക്ഷയും ആശ്വാസവും നൽകാനായതിൽ അഭിമാനിക്കുന്നു. മെഡിക്കൽ വിദഗ്ധരുടെ കഴിവും ആരോഗ്യസേവനങ്ങളും ആത്മവിശ്വാസം ഉയർത്തുന്നു. എല്ലാ മെഡിക്കൽ-നഴ്‌സിങ് സ്റ്റാഫുകൾക്കും ആദരമർപ്പിക്കുന്നു. അശ്രാന്ത പരിശ്രമത്തിന് നന്ദി. സമൂഹത്തിന്റെ ആരോഗ്യവും സന്തോഷവും നിങ്ങളുടെ കൈകളിലാണെന്നും ശൈഖ് ഹംദാൻ ട്വീറ്റ് ചെയ്തു.