ദുബായ് : കോവിഡ് പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ കമ്പനികളെയും ധനകാര്യ സ്ഥാപനങ്ങളെയും സഹായിക്കാൻ യു.എ.ഇ. സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ച സാമ്പത്തിക സഹായ പദ്ധതി ആറു മാസത്തേക്കുകൂടി നീട്ടി.

2021 ജൂൺ 30 വരെയാണ് നീട്ടിയിരിക്കുന്നത്. 2021 ജനുവരി ഒന്ന് മുതൽ സ്‌കീമിൽ പങ്കെടുക്കുന്ന ബാങ്കുകൾക്കും ധനകാര്യ കമ്പനികൾക്കും മഹാമാരിയിൽ ബുദ്ധിമുട്ടുന്ന ഉപഭോക്താക്കൾക്ക് മാനദണ്ഡങ്ങൾ അനുസരിച്ച് പുതിയ വായ്പകൾ നൽകാനാവും. അഞ്ച് കോടി ദിർഹത്തിന്റെ സീറോ കോസ്റ്റ് ഫെസിലിറ്റി കാലാവധി സെൻട്രൽ ബാങ്ക് നീട്ടിനൽകും. ഇത് റീട്ടെയിൽ, കോർപ്പറേറ്റ് ബാങ്കിങ് ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടും.

ധനസഹായം, പണലഭ്യത, വായ്പ, മൂലധനം എന്നിവയുമായി ബന്ധപ്പെട്ട് ബാങ്കിങ് മേഖലയ്ക്ക് വിവിധതരം ദുരിതാശ്വാസ നടപടികളിലൂടെ വ്യക്തികളെയും സ്വകാര്യ സ്ഥാപനങ്ങളെയും സഹായിക്കുന്നതിനായി 2020 മാർച്ചിലാണ് പദ്ധതി ആരംഭിച്ചത്. പതിനായിരം കോടി ദിർഹത്തിന്റെ സഹായപദ്ധതി വ്യാപാരമേഖലയ്ക്ക് ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷ.

നേരത്തേ ദുബായ് സർക്കാർ സാധാരണക്കാർക്ക് കൂടി ഗുണകരമാവുന്ന വിധത്തിൽ 150 കോടി ദിർഹത്തിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു.

വെള്ളം, വൈദ്യുതി ബില്ലിൽ പത്തുശതമാനം ഇളവ് നൽകാൻ ഈ പാക്കേജിൽ വ്യവസ്ഥയുണ്ടായിരുന്നു. റീട്ടെയിൽ കോർപ്പറേറ്റുകളെയും ഉപഭോക്താക്കളെയും സഹായിക്കുന്നതാണ് സെൻട്രൽ ബാങ്കിന്റെ പദ്ധതി.

ഈ പദ്ധതി പ്രകാരം ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ ഫീസ് കുറയ്ക്കുകയും ബാങ്ക് ഇടപാടുകൾക്ക് ഈടാക്കിയിരുന്ന ഫീസ് ആറ് മാസത്തേക്ക് ഒഴിവാക്കുകയും ചെയ്തിരുന്നു.