ഷാർജ : കുട്ടികളെ ദുരുപയോഗം ചെയ്യുന്ന കേസുകൾ രക്ഷിതാക്കൾ മറച്ചുവെക്കരുതെന്ന് യു.എ.ഇ. അധികൃതർ. ഷാർജ സോഷ്യൽ സർവീസ് ഡിപ്പാർട്ട്‌മെന്റിൽ 2020-ൽ 1200 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. ഇത്തരം സംഭവങ്ങൾ കുട്ടികളുടെ ജീവിതത്തെ വലിയരീതിയിൽ ബാധിക്കുമെന്നും ഷാർജ സോഷ്യൽ സർവീസ് ഡിപാർട്ട്മെന്റിന്റെ ശിശു സംരക്ഷണ വിഭാഗം അധികൃതർ വ്യക്തമാക്കി. സൗദി ജർമൻ ആസ്പത്രിയുമായി ഏകോപിപ്പിച്ച് നടന്ന വെബിനാറിലായിരുന്നു കുട്ടികളെ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ചയായത്. അന്താരാഷ്ട്ര ശിശുദിനത്തോടനുബന്ധിച്ചായിരുന്നു വെബിനാർ. വീട്ടിനകത്തും പുറത്തും കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചായിരുന്നു ചർച്ച. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാതിരുന്നാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ബോധവത്ക്കരിക്കേണ്ടതും കൗൺസിലിങ് നൽകേണ്ടതും കടമയാണെന്ന് ശിശുരോഗ വിദ്ഗ്ധൻ ഡോ.യഹ്യ ഇസാവി വിശദീകരിച്ചു.