ഷാർജ : ബീച്ചുകളിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ ബോട്ടുകൾ ഷാർജ മുനിസിപ്പാലിറ്റി അധികൃതർ പിടിച്ചെടുത്തു. അൽ ഖാൻ, അൽ മംസാർ ബീച്ചുകളിൽ ഉടമകൾ ഉപേക്ഷിച്ച നിലയിൽ ഏറെക്കാലമായി നിർത്തിയിട്ടിരുന്ന ബോട്ടുകളാണ് പിടിച്ചെടുത്തത്. നഗരസൗന്ദര്യം നിലനിർത്താൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശങ്ങൾക്ക് അനുസൃതമായാണ് നടപടി.

ഉപേക്ഷിക്കപ്പെട്ട ബോട്ടുകൾ ചില മത്സ്യത്തൊഴിലാളികൾ മീൻപിടിത്ത ഉപകരണങ്ങളുംമറ്റും സൂക്ഷിക്കാനുള്ള സ്റ്റോറുകളാക്കി മാറ്റിയതായി മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ തബിത് അൽ താരൈഫ് വിശദീകരിച്ചു. ഇത്തരം പ്രവണതകൾ നിർത്തലാക്കി. നഗരസൗന്ദര്യത്തിന് കോട്ടംവരുത്തുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ മുനിസിപ്പാലിറ്റി പ്രചാരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.