:രാമന്റെ ജീവിതത്തെ ശ്രദ്ധിച്ചാൽ, അത് ദുരന്തങ്ങളുടെ ഒരു ശൃംഖലയായിരുന്നുവെന്ന് കാണാം. അവകാശപ്പെട്ട രാജപദവി നഷ്ടപ്പെട്ടു. മാത്രമല്ല, കാട്ടിലേക്കയക്കപ്പെടുകയും ചെയ്തു. സീതയെ തട്ടിക്കൊണ്ടുപോയതിനാൽ, യുദ്ധം ചെയ്യേണ്ടിവന്നു. യുദ്ധത്തിൽ വിജയിച്ച് പത്നിയെ തിരികെ കൊണ്ടുവന്നപ്പോൾ അതിനെക്കുറിച്ച് വളരെ മോശപ്പെട്ട അഭിപ്രായങ്ങൾ പ്രജകളിൽനിന്നു കേൾക്കേണ്ടിവന്നു. അങ്ങനെ തന്റെ പ്രിയതമയെ കാട്ടിൽ ഉപേക്ഷിച്ചു. അതിനുശേഷം, അറിയാതെയാണെങ്കിലും സ്വന്തം മക്കളോടുതന്നെ യുദ്ധം ചെയ്യേണ്ടിവരുകയും തുടർന്ന് തന്റെ പത്നിയെ നഷ്ടപ്പെടുകയും ചെയ്തു.

ഇങ്ങനെയൊക്കെയായിട്ടും എന്തുകൊണ്ടാണ് ഇത്രയധികം ആളുകൾ രാമനെ ആരാധിക്കുന്നത്?

തന്റെ ജീവിതത്തിൽ അഭിമുഖീകരിച്ച സാഹചര്യങ്ങൾ കാരണമല്ല രാമന് മഹത്ത്വമുണ്ടാവുന്നത്. തനിക്കുണ്ടായ ദുരന്തങ്ങളെ എത്രത്തോളം സമചിത്തതയോടെ നേരിട്ടു എന്നതാണ് അദ്ദേഹത്തെ മഹാനാക്കുന്നത്.

എത്രയൊക്കെ നന്നായി കൈകാര്യം ചെയ്താലും ബാഹ്യ സാഹചര്യങ്ങൾ എപ്പോൾ വേണമെങ്കിലും തകിടംമറിഞ്ഞേക്കാമെന്ന് മനസ്സിലാക്കിയതുകൊണ്ടാണ്, മുക്തിയും ഐശ്വര്യമുള്ള ജീവിതവും ആഗ്രഹിക്കുന്നവർ രാമനെ ശരണംപ്രാപിച്ചത്. ജീവിതം തുടർച്ചയായ ദുരന്തങ്ങളുടെ ശൃംഖലയായിട്ടും രാമൻ സത്യസന്ധതയിൽ നിന്നോ, സ്വയം നിശ്ചയിച്ച ജീവിതത്തിന്റെ അടിസ്ഥാനകാര്യങ്ങളിൽനിന്നോ ഒരിക്കൽപ്പോലും വ്യതിചലിച്ചില്ല.

ആത്മീയതയിലുള്ളവർ ദുരന്തങ്ങളെ തേടിപ്പോകുന്ന ഒരു പാരമ്പര്യം തന്നെയുണ്ട്. മരണം അടുക്കുംമുമ്പ് തങ്ങൾ എല്ലാ രീതിയിലുമുള്ള പരീക്ഷണങ്ങളിലൂടെയും കടന്നുപോകണമെന്ന് അവർ ആഗ്രഹിക്കുന്നു. ഇത് ഭക്തിയുടെ അങ്ങേയറ്റത്തെ ഭാവമാണ്.

ഈ പാരമ്പര്യം ലോകത്തെല്ലായിടത്തും ഉണ്ടായിരുന്നു. ഒരാൾ ആത്മീയപാത സ്വീകരിച്ചാൽ ആദ്യംതന്നെ അവർ ബോധപൂർവം ദാരിദ്ര്യം തേടും. നിങ്ങൾ ഇന്ത്യയിലെ യോഗികളെ ശ്രദ്ധിച്ചാലറിയാം അവർ ഒരിക്കലും ഒന്നും ആവശ്യപ്പെടില്ല, വെറുതേ സഞ്ചരിച്ചുകൊണ്ടേയിരിക്കും. അവർക്ക് വിശക്കുന്നുണ്ട് എന്ന് അവരെ കണ്ടാലറിയാം. ചിലപ്പോൾ ദിവസങ്ങളോളം അവർ കഴിച്ചിട്ടുണ്ടാവില്ല. എന്നിരുന്നാലും അവർ വളരെ മനോഹരമായി ജീവിക്കും. രാമകഥയും ജീവിതപരീക്ഷണങ്ങളുടെ കഥയാണ്.