ദുബായ് : സന്ദർശക വിസയിൽ ദുബായിലെത്തി കഴിഞ്ഞ ഞായറാഴ്ച മരണപ്പെട്ട തമിഴ്‌നാട് സ്വദേശിനിയായ മറിയാ ജോർജിന്റെ മൃതദേഹം മർകസ് ഐ.സി.എഫ്. വെൽഫയർ ടീമിന്റെ സഹായത്താൽ ജെബൽ അലിയിൽ മറവ് ചെയ്തു. താമസ വിസ ഇല്ലാത്തതിനാൽ ദുബായിൽ മറവ് ചെയ്യാൻ കഴിയില്ലെന്ന നിയമം ഉള്ളതുകൊണ്ട് അവരുടെ ദയനീയാവസ്ഥ മനസ്സിലാക്കി ദുബായ് മർകസ് വിഷയം ഏറ്റെടുത്തു. തുടർന്ന് ഐ.സി.എഫ് വെൽഫയർ ടീമിന്റെ സഹായത്താൽ പ്രത്യേക അനുമതി എടുക്കുകയും ജെബൽ അലി ചർച്ച് ഖബർസ്ഥാനിൽ മറവ് ചെയ്യുകയുമായിരുന്നു. മർകസ് പ്രവർത്തകരായ സാജിദ് അസ്‌ലമി, നസീർ ചൊക്ലി, സനീർ വർക്കല, ഷംസീർ ചൊക്ലി എന്നിവർ നേതൃത്വം നൽകി.