ദുബായ് : ആരോഗ്യസംരക്ഷണം, മെഡിക്കൽ വിദ്യാഭ്യാസം, ശാസ്ത്രഗവേഷണം എന്നിവ സമന്വയിപ്പിക്കുന്നതിന് ദുബായ് അക്കാദമിക് ഹെൽത്ത് കോർപ്പറേഷൻ നിലവിൽവന്നു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണിത്. പുതിയ അക്കാദമിക് സംവിധാനത്തിലൂടെ ദുബായിലെ ആരോഗ്യ, മെഡിക്കൽ ഗവേഷണമേഖലകളെ ഒരു കുടക്കീഴിൽ കൊണ്ടുവരുകയാണ് ലക്ഷ്യം. ഇതിലൂടെ ആരോഗ്യസേവനങ്ങളുടെ കാര്യക്ഷമത, ഗുണമേന്മ എന്നിവ മെച്ചപ്പെടുത്തും. മെഡിക്കൽ ഗവേഷണ വിദ്യാർഥികളെ ആകർഷിക്കുകയും അവർക്ക് വേണ്ട എല്ലാ പിന്തുണയും നൽകുകയുമാണ് കോർപ്പറേഷന്റെ മറ്റ് ലക്ഷ്യങ്ങൾ. പകർച്ചവ്യാധികളെ തടയാനും ചികിത്സാരംഗത്ത് ആരോഗ്യസംരക്ഷണ മേഖലയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും സാധിക്കും. ആശുപത്രികൾ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, പ്രത്യേക പരിചരണ കേന്ദ്രങ്ങൾ , മെഡിക്കൽ ഫിറ്റ്‌നസ് കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളെയും കൈകാര്യം ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ദുബായ് അക്കാദമിക് ഹെൽത്ത് കോർപ്പറേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.