ഷാർജ : യു.എ.ഇ.യിലെ കൊടുംചൂടിന് ശമനമായി ചിലയിടങ്ങളിൽ മഴപെയ്തു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമാണ് മഴയുണ്ടായത്. ഷാർജ, അജ്മാൻ, ഫുജൈറ, ഹത്ത എന്നിവിടങ്ങളിലെല്ലാം കാര്യമായി മഴപെയ്തിരുന്നു. ശക്തമായ കാറ്റിലും മഴയിലും രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചതായാണ് വിവരം. ദോഫാർ, ജലൻ ബനീ ബൂ ഹസ്സൻ, സമാഈൽ വിലായത്ത് എന്നിവിടങ്ങളിലാണ് മരണമുണ്ടായത്. നാലുപേരെ കാണാതായെന്നും റിപ്പോർട്ടുണ്ട്. വെള്ളക്കെട്ടിൽപ്പെട്ട നിരവധിയാളുകളെ രക്ഷപ്പെടുത്തി.

ഷാർജയുടെ വിവിധസ്ഥലങ്ങളിൽ ശനിയാഴ്ച രാവിലെയും മഴയെത്തുടർന്നുള്ള വെള്ളക്കെട്ട് ഉണ്ടായി. രണ്ടുദിവസമായി യു.എ.ഇ.യിൽ ചിലയിടങ്ങളിൽ ശക്തമായ പൊടിക്കാറ്റും ഉണ്ടായി. ശനിയാഴ്ച രാവിലെ തുടങ്ങിയ പൊടിക്കാറ്റ് ജനജീവിതത്തെ കാര്യമായി പ്രയാസത്തിലാക്കി.

ചെറിയ വാഹനാപകടങ്ങളും ഉണ്ടായി. കാലാവസ്ഥാമാറ്റം ഒരാഴ്ചതുടരുമെന്ന് നിരീക്ഷണകേന്ദ്രം അറിയിച്ചു. മസ്‌കറ്റ് ഉൾപ്പെടെ ജി.സി.സി. രാജ്യങ്ങളിലും ശക്തമായ മഴ ലഭിച്ചു. ഒമാനിലെ വാദികളെല്ലാം നിറഞ്ഞൊഴുകി. കാറ്റിലും മഴയിലും കെട്ടിടങ്ങളിൽ കുടുംബങ്ങൾ കുടുങ്ങിയതായും വിവരമുണ്ട്. ഒമാൻ പോലീസ് ഏവിയേഷന്റെ സഹായത്തോടെ 30-ഓളം കുടുംബങ്ങളെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റി.

വാദിയിൽ കുടുങ്ങിയവരെ സിവിൽ ഡിഫൻസ് ആൻഡ്‌ ആംബുലൻസ് വിഭാഗം രക്ഷപ്പെടുത്തി. കാണാതായ സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. റോയൽ ഒമാൻ പോലീസിന്റെയും സിവിൽ ഡിഫൻസ്, ആംബുലൻസ് അതോറിറ്റിയുടെയും സംയുക്തസംഘമാണ് തിരച്ചിൽ നടത്തുന്നതെന്ന് റോയൽ ഒമാൻ പോലീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ കർശന സുരക്ഷാനിർദേശങ്ങൾ പാലിക്കാൻ അധികൃതർ നിർദേശം നൽകി.

ചിലയിടങ്ങളിൽ പൊടിക്കാറ്റ് ശക്തം ഒമാനിൽ ശക്തമായമഴ തുടരുന്നു