ഷാർജ : ശ്രീരാമ മഹിമയും സീതാചൈതന്യവും പാടി പ്രവാസി മലയാളികളും രാമായണം വായന തുടങ്ങി. കർക്കടകം ഒന്നാം ദിവസമായ ശനിയാഴ്ചയാണ് രാമായണ പാരായണം തുടങ്ങിയത്. ‘ശ്രീരാമ..രാമ..'എന്നുതുടങ്ങുന്ന ആധ്യാത്മ രാമായണം കിളിപ്പാട്ടിലെ വരികളോടെയാണ് ഒന്നാംദിനത്തിലെ വായനയുടെ തുടക്കം. കേരളീയ പരമ്പരാഗതരീതിയിൽ തന്നെയാണ് യു.എ.ഇ. അടക്കമുള്ള ഗൾഫുരാജ്യങ്ങളിലെ മലയാളികളും രാമായണം വായിക്കുന്നത്. കോവിഡിന് മുൻപ് കുടുംബങ്ങൾ വീടുകളിൽ ഒത്തുചേർന്നായിരുന്നു രാമായണം വായിച്ചിരുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ വെർച്വൽ രാമായണ വായനയാണ് യു.എ.ഇ.യിലും നടക്കുന്നത്.

ഒന്നാംതീയതി വായന തുടങ്ങിയാൽ കർക്കടകം മുഴുവൻ വായന മുടങ്ങിക്കൂടെന്ന് ചിട്ടയുണ്ട്. ദിവസവും യുദ്ധം, കലഹം, മരണം, വ്യഥ തുടങ്ങിയ പ്രതിപാദിക്കുന്ന ഭാഗങ്ങളിൽ വായന നിർത്തരുതെന്നാണ് പ്രമാണം. ശുഭകാര്യങ്ങൾ മൂന്നുവട്ടം വായിച്ചാണ് അതത് ഭാഗങ്ങൾ അവസാനിപ്പിക്കേണ്ടത്.

ഷാർജ മന്നം സാംസ്കാരിക വേദി (മാനസ്), ഏകത തുടങ്ങിയ സമിതികൾ കൂടാതെ പ്രവാസി ഗൃഹങ്ങളിലും രാമായണ വായനയുണ്ട്. രാത്രി എട്ടുമുതൽ 9.30 - വരെയാണ് മാനസ് അംഗങ്ങളും കുടുംബങ്ങളും ഓൺലൈനായി രാമായണം വായിക്കുക. ദീപ പ്രോജ്വലനം, ധ്യാനശ്ലോകം, സന്ധ്യാനാമം, രാമായണത്തെ അധിഷ്ഠിതമായി പ്രഭാഷണങ്ങൾ, രാമായണം വായന, കഥാസാരം, മംഗളാരതി എന്നിങ്ങനെയാണ് ദിവസവും ക്രമത്തിൽ നടക്കുക. രാമായണത്തിന്റെ കഥാസാരം അവതരിപ്പിക്കും.

മാനസ് രാമായണ വായനയുടെ ആദ്യദിവസം സ്വാമി ചിദാനന്ദപുരി പ്രഭാഷണം നടത്തി.

തുടർന്നുള്ള ദിവസങ്ങളിൽ സ്വാമി ഉദിത് ചൈതന്യ, കെ. ജയകുമാർ, കാവാലം ശ്രീകുമാർ, ആചാര്യ കെ.ആർ. മനോജ്, ഒ.എസ്. സതീഷ് കൊടകര, വയലാർ ശരത്ചന്ദ്ര വർമ, രവിവർമ തമ്പുരാൻ, സ്വാമി അമൃത കൃപാനന്ദ, രാഹുൽ കെ കൂടാളി, സ്വാമി അയ്യപ്പദാസ് തുടങ്ങിയവർ പ്രഭാഷണം നടത്തും.

കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ദുബായ് കർക്കടക മാസത്തിന്റെ ഭാഗമായി ശനിയാഴ്ച ആരംഭിച്ച വേദ സപ്താഹം 23 - ന് വെള്ളിയാഴ്ച അവസാനിക്കും. തുടർച്ചയായി ഒമ്പതാം വർഷമാണ് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ വേദ സപ്താഹം നടത്തുന്നത്. കോവിഡ് കാരണം വേദ സപ്താഹവും വെർച്വൽ ആയാണ് നടത്തുക.

പങ്കെടുക്കുന്നവർ vedasapthaham@ kvrf.in എന്ന വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 050 4904132.