ദുബായ് : നീറ്റ് പരീക്ഷയ്ക്ക് യു.എ.ഇ.യിലും കേന്ദ്രം വേണമെന്ന ആവശ്യം ശക്തമാകുന്നു. കുവൈത്തിൽ നീറ്റ് പരീക്ഷാകേന്ദ്രമുണ്ട്. എന്നാൽ, ഇന്ത്യൻ പാഠ്യപദ്ധതിയിൽ കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന യു.എ.ഇ.യിൽ പരീക്ഷാകേന്ദ്രം അനുവദിച്ചിട്ടില്ല.

യു.എ.ഇ.യിലെ 89 ഇന്ത്യൻ സ്കൂളുകളിലെ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇക്കാര്യത്തിൽ കടുത്ത പ്രതിഷേധത്തിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് വിദ്യാർഥികൾ പരാതികളും നിവേദനങ്ങളും നൽകിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടായില്ല. നാട്ടിലെത്തി പരീക്ഷയെഴുതാൻ കടമ്പകളേറെയാണ്. കോവിഡ് യാത്രാനിയന്ത്രണങ്ങൾ ഉള്ളതിനാൽ വിമാന സർവീസുകൾ കൃത്യമല്ല. യാത്രയ്ക്ക് പ്രതിസന്ധിയുള്ളതിനാൽ നാട്ടിൽ പോയാൽ എപ്പോൾ തിരികെ വരാനാകുമെന്നതും പറയാനാവില്ല.

സാഹചര്യങ്ങൾ മനസ്സിലാക്കി പരീക്ഷാകേന്ദ്രം യു.എ.ഇ.യിൽത്തന്നെ തുടങ്ങണമെന്ന് രക്ഷിതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് അതിവേഗത്തിലുള്ള നയതന്ത്ര ഇടപെടൽ വേണമെന്നാണ് ആവശ്യം. സെപ്റ്റംബർ 12-നാണ് നീറ്റ് പരീക്ഷ.

പരീക്ഷാകേന്ദ്രം അനുവദിക്കണം- ഐ.സി.എഫ്.

അബുദാബി : യു.എ.ഇയിലും നീറ്റ് പരീക്ഷാ സെന്റർ അനുവദിക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്. ) യു.എ.ഇ. നാഷണൽ കമ്മിറ്റി ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കുവൈത്തിൽ കേന്ദ്രം ഉണ്ടെങ്കിലും യാത്രാവിലക്കുള്ളതിനാൽ അപ്രാപ്യമല്ല. ഈ സാഹചര്യത്തിൽ കുട്ടികളെ തനിച്ച് നാട്ടിൽ അയച്ച് തിരിച്ചുകൊണ്ടുവരുന്നതിലുള്ള ബുദ്ധിമുട്ടുകളും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.