ദുബായ് : പി.വി. വിവേകാനന്ദൻ നമുക്കിടയിൽ ജീവിച്ച പ്രതിഭാശാലിയായ പത്രപ്രവർത്തകനായിരുന്നുവെന്ന് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ഷാജഹാൻ മാടമ്പാട്ട്. മധ്യപൂർവദേശത്തെ ആദ്യ മലയാളി മാധ്യമപ്രവർത്തകനും യു.എ.ഇയി.ലെ ഇന്ത്യൻ മീഡിയാ ഫ്രട്ടേണിറ്റിയുടെ സ്ഥാപക പ്രസിഡൻറുമായിരുന്ന പി.വി. വിവേകാനന്ദിനെക്കുറിച്ചുള്ള പുസ്തകം ‘വിവേകാനന്ദം: ഒരു പ്രവാസി മാധ്യമപ്രവർത്തകന്റെ അകംപൊരുൾ’ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിവേകാനന്ദിന്റെ ലേഖനങ്ങൾ വരുംകാലങ്ങളിൽ കൂടുതൽ പ്രസക്തമാകും. അവയെല്ലാം എഴുതപ്പെട്ട കാലത്തേക്കാൾ പ്രസക്തമാകുന്നത് വരാനിരിക്കുന്ന കാലങ്ങളിലാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ലേഖനങ്ങളും രചനകളും നിലനിർത്താൻ ആവശ്യമായ ശ്രമങ്ങൾ ഉണ്ടാകണമെന്നും ഷാജഹാൻ മാടമ്പാട്ട് അഭിപ്രായപ്പെട്ടു. ഇ.സി.എച്ച് സി.ഇ.ഒ. ഇക്ബാൽ മാർക്കോണിക്ക് നൽകിയാണ് പുസ്തകം പ്രകാശനംചെയ്തത്. കേട്ടറിഞ്ഞിടത്തോളം മാധ്യമ രംഗത്തെ മാതൃകയാണ് വിവേകാനന്ദ് എന്ന് ഇക്ബാൽ മാർക്കോണി പറഞ്ഞു.

ചടങ്ങിൽ ചിരന്തന സാംസ്കാരികവേദി പ്രസിഡന്റ് പുന്നക്കൻ മുഹമ്മദ് അലി അധ്യക്ഷതവഹിച്ചു. ഐ.എം.എഫ്. കോ- ഓർഡിനേറ്ററും മാധ്യമപ്രവർത്തകനുമായ രാജു മാത്യു പുസ്തകപരിചയം നടത്തി.

മുതിർന്ന മാധ്യമപ്രവർത്തകൻ തോമസ് ജേക്കബ് വീഡിയോയിലൂടെ ആശംസ അറിയിച്ചു. പി.വി. വിവേകാനന്ദിന്റെ ഭാര്യ ചിത്രാ ആനന്ദ്, മകൾ വിസ്മയ, മകൻ അനൂപ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. ചടങ്ങിൽ വിവേകാന്ദിനെക്കുറിച്ചുള്ള ഹ്രസ്വ വീഡിയോ പ്രദർശിപ്പിച്ചു.

ഇ.കെ. രാജേന്ദ്രൻ, പോൾ ടി. ജോസഫ്, ഇസ്മയിൽ മേലടി, എം.സി.എ. നാസർ, ഭാസ്കർ രാജ്, എൽവിസ് ചുമ്മാർ, ജലീൽ പട്ടാമ്പി, രമേശ് പയ്യന്നൂർ, ഫൈസൽ ഷംസുദ്ദീൻ, റോജിൻ പൈനുംമൂട്, ടി.എ. രവീന്ദ്രൻ, സി.പി. ജലീൽ, സലാം പാപ്പിനിശ്ശേരി, ജസിത സഞ്ജിത് തുടങ്ങിയവർ സംസാരിച്ചു. സാദിഖ് കാവിലും തൻസി ഹാഷിറുമാണ് പുസ്തകത്തിന്റെ എഡിറ്റർമാർ. ചിരന്തനയുടെ 34-ാമത് പുസ്തകമാണ് വിവേകാനന്ദം. സുജിത് സുന്ദരേശൻ സ്വാഗതവും ടി.പി. അഷ്‌റഫ് നന്ദിയും പറഞ്ഞു.