അബുദാബി : ലുലു സംഘടിപ്പിക്കുന്ന റീഡേഴ്‌സ് വേൾഡ് ബുക്ക് ഫെസ്റ്റിന് അബുദാബി ക്യാപിറ്റൽ മാൾ ലുലു ഹൈപ്പർ മാർക്കറ്റിൽ തുടക്കമായി.
ഈ മാസം 31 വരെയാണ് ഫെസ്റ്റ് നടക്കുന്നത്. 2017-ൽ യു.എ.ഇ. സർക്കാർ പ്രഖ്യാപിച്ച വായന വർഷത്തോടനുബന്ധിച്ചാണ് പരിപാടി.
അതിനുശേഷം എല്ലാ വർഷവും ഫെസ്റ്റ് സംഘടിപ്പിക്കാറുണ്ടെന്ന് ലുലു അധികൃതർ അറിയിച്ചു. കച്ചവട താത്‌പര്യത്തിനപ്പുറം സാമൂഹിക, സാംസ്കാരിക രംഗത്തും സാന്നിധ്യം ഉണ്ടാവണമെന്നുള്ളതുകൊണ്ടാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടർ ടി.പി. അബുബക്കർ പറഞ്ഞു. റെഡ് ക്രസന്റ് മേധാവി അഹമ്മദ് എൽ മെയ്‌ന ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ബയിങ് ഡയറക്ടർ മുജീബ് റഹ്മാൻ ചടങ്ങിൽ സംബന്ധിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, അറബി ഭാഷകളിലുള്ള പുസ്തകങ്ങളാണ് മേളയിലുള്ളത്.