ഷാർജ : ലുലു ഗ്രൂപ്പിന്റെ 198-മത് ഹൈപ്പർ മാർക്കറ്റ് ഷാർജ മുവൈലയിൽ പ്രവർത്തനമാരംഭിച്ചു. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ചെയർമാൻ അബ്ദുള്ള സുൽത്താൻ അൽ ഒവൈസാണ് 2021-ലെ ലുലു ഗ്രൂപ്പിന്റെ ആദ്യത്തെ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം നിർവഹിച്ചത്. 1,70,000 ചതുരശ്രയടി വിസ്തീർണത്തിൽ നാലുനിലകളിലായാണ് ആധുനികരീതിയിൽ സജ്ജീകരിച്ച ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്.
അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടെയുള്ള വിശാലമായ ഫുഡ് കോർട്ട്, എക്സ്‌ചേഞ്ച്, ജൂവലറി, ഫാർമസി തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിവിധ രാജ്യക്കാരുടെ താത്പര്യത്തിനനുസരിച്ചുള്ള ഉന്നത ഗുണനിലവാരമുള്ള വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ഏറ്റവും ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് പുതിയ ഹൈപ്പർമാർക്കറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
സ്വദേശികൾക്കും താമസക്കാർക്കും നവീനമായ ഷോപ്പിങ് അനുഭവമായിരിക്കും ഇവിടെ ലഭിക്കുകയെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. കോവിഡ് സാഹചര്യത്തിലും കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കഴിഞ്ഞ ജൂൺമുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഇ-കൊമേഴ്‌സ് സ്റ്റോറുകൾ ഉൾപ്പെടെ 12 ഹൈപ്പർമാർക്കറ്റുകളാണ് ലുലു വിവിധരാജ്യങ്ങളിൽ തുറന്നത്.
യു.എ.ഇ.യിൽ മാത്രം അടുത്ത രണ്ട് വർഷത്തിനുള്ളിൽ 20-ലേറെ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുമെന്നും യൂസഫലി പറഞ്ഞു. ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലി, ലുലു ഡയറക്ടർ എം.എ. സലീം, ലുലു ഷാർജ റീജണൽ ഡയറക്ടർ നൗഷാദ് എം.എ., ലുലു കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.