ദുബായ് : ദിവസേന 3000-ത്തിന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ യു.എ.ഇ. കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. കൂടുതൽ ജാഗ്രതയും പ്രതിരോധ നടപടികളും കൈക്കൊള്ളാനാണ് തീരുമാനം. രാജ്യത്ത് പ്രതിരോധ കുത്തിവെപ്പ് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ മാത്രം 84,852 പേരാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. ഇതിനകം 18.8 ലക്ഷം പേർ വാക്സിൻ സ്വീകരിച്ചുകഴിഞ്ഞതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു.
പ്രതിരോധ കുത്തിവെപ്പിൽ യു.എ.ഇ. ലോകത്ത് മുന്നേറിക്കൊണ്ടിരിക്കുകയാണ്. വാക്സിനേഷൻ പ്രചാരണത്തിന്റെ ഭാഗമായി അബുദാബിയിലെ സ്വകാര്യ സ്കൂൾ അധ്യാപകരും അനധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (സേഹ), ആരോഗ്യ പ്രതിരോധ മന്ത്രാലയം (മൊഹാപ്പ്) എന്നിവയുമായി ഏകോപിപ്പിച്ച് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) ഏകദിന പ്രതിരോധ കുത്തിവെപ്പ് പരിപാടി സംഘടിപ്പിച്ചിരുന്നു.
യു.എ.ഇ.യിൽ 3453 പുതിയ കോവിഡ് കേസുകൾ, അഞ്ചുമരണം
രാജ്യത്ത് പുതുതായി 3453 കോവിഡ് കേസുകൾകൂടി കണ്ടെത്തി. 3268 രോഗമുക്തിയും അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു.
ആകെ കേസുകൾ 2,53,261 ആയി. ഇവരിൽ 2,25,374 പേരും രോഗമുക്തി നേടി. ആകെ മരണം 745 ആയി. അതേസമയം നിലവിൽ 27,142-ഓളം പേർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതുതായി 1,62,251 പരിശോധനകളാണ് രാജ്യത്ത് പൂർത്തിയായത്.
സെയ്ന്റ് പോൾസ് പള്ളിയിൽ ക്യാമ്പ് നടത്തി
അബുദാബി സെയ്ന്റ് പോൾസ് പള്ളിയിൽ താമസക്കാർക്കായി സൗജന്യ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകി. രാവിലെ 10 മുതൽ വൈകീട്ട് ആറുവരെയായിരുന്നു മെഡിക്കൽ ക്യാമ്പ്. രാജ്യത്താകമാനം 150-ലേറെ കേന്ദ്രങ്ങളിൽ സൗജന്യ കോവിഡ് വാക്സിൻ ഇപ്പോൾ ലഭ്യമാണ്. ഏപ്രിൽ മാസത്തോടെ ജനസംഖ്യയുടെ 50 ശതമാനം പേർക്കും വാക്സിൻ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ദുബായിലും വിദൂരപഠനം തുടരും
കോവിഡ് കേസുകളുടെ വർധനയെത്തുടർന്ന് ദുബായിലെ സ്കൂളുകളിലേറെയും വിദൂരപഠനം തുടരാൻ തീരുമാനിച്ചു. ദുബായ് ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ.) യുടെ നിർദേശങ്ങൾക്കനുസരിച്ചാണ് വിദ്യാഭ്യാസ റെഗുലേറ്ററായ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ (കെ.എച്ച്.ഡി.എ.) തീരുമാനം.
ഫിലിപ്പീൻസ് കോൺസുലേറ്റ് അടച്ചു
കോവിഡ് വ്യാപനത്തെതുടർന്ന് ദുബായിലെ ഫിലിപ്പീൻസ് കോൺസുലേറ്റ് രണ്ട് ദിവസത്തേക്ക് അടച്ചു. അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് അടച്ചിടുന്നതെന്ന് അധികൃതർ അറിയിച്ചു.
അബുദാബി പ്രവേശനം: പുതിയ നിർദേശങ്ങൾ
മറ്റ് എമിറേറ്റുകളിൽ നിന്നും അബുദാബിയിലേക്കുള്ള പ്രവേശന മാനദണ്ഡം ജനുവരി 17 മുതൽ കർശനമാക്കി. അതിർത്തി കടക്കുന്നതിന് 48 മണിക്കൂറിനകം എടുത്ത പി.സി.ആർ., ഡി.പി.ഐ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. നേരത്തേ 72 മണിക്കൂറിനകം എടുത്ത പി.സി.ആർ. പരിശോധനാഫലം മതിയായിരുന്നു. തുടർച്ചയായി നാല് ദിവസം അബുദാബിയിൽ തങ്ങുന്നവർ നാലാം ദിവസവും എട്ട് ദിവസത്തിലേറെ തങ്ങുന്നവർ എട്ടാം ദിവസവും പി.സി. ആർ ടെസ്റ്റ് എടുത്തിരിക്കണം. നേരത്തേ ആറാം ദിവസം പി.സി.ആർ. പരിശോധന നടത്തിയാൽ മതിയായിരുന്നു. നിയമലംഘകർക്ക് 5000 ദിർഹമാണ് പിഴ. കോവിഡ് വാക്സിൻ എടുത്തവർക്കും വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായവർക്കും ഇളവുണ്ട്. ഇവർ അൽ ഹൊസൻ ആപ്പിൽ ഗോൾഡൻ സ്റ്റാർ തെളിവായി കാണിച്ചാൽ മതിയാവും.
കെ.എസ്.സി.യിൽ വാക്സിൻ യജ്ഞം വെള്ളിയാഴ്ച
അബുദാബി : ആരോഗ്യ മന്ത്രാലയവും തമൂഹ് ഹെൽത്ത്‌കെയറുമായി സഹകരിച്ച് കേരള സോഷ്യൽ സെന്റർ 22-ന് വെള്ളിയാഴ്ച കോവിഡ് വാക്സിൻ യജ്ഞം സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ സെന്ററിലാണ് കുത്തിവെപ്പ് നടക്കുക.
വാക്സിനെടുക്കാൻ വരുന്നവർ നിർബന്ധമായും എമിറേറ്റ്‌സ് ഐ.ഡി കരുതണം. യു.എ.ഇ. ഗവൺമെന്റ് നൽകുന്ന വാക്സിനുമായി മുഴുവൻ ആളുകളും സഹകരിക്കണമെന്ന് അബുദാബി കേരള സോഷ്യൽ സെന്റർ ഭാരവാഹികൾ അറിയിച്ചു.
സിനോഫാം വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് 21 ദിവസം കഴിഞ്ഞവർക്ക് രണ്ടാം ഡോസ് എടുക്കാനും അവസരമുണ്ടായിരിക്കും. വിവരങ്ങൾക്ക്: 026314455.