ദുബായ് : യു.എ.ഇ.യിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 14 പേർകൂടി മരണപ്പെട്ടു. 3452 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. 3570 പേർ രോഗമുക്തി നേടുകയും ചെയ്തു. ആകെ രോഗികളുടെ എണ്ണം 3,58,583 ആയി. ഇവരിൽ 3,43,935 പേരും രോഗമുക്തി നേടി ആശുപത്രി വിട്ടതായി ആരോഗ്യ പ്രതിരോധമന്ത്രാലയം അറിയിച്ചു. 1055 പേരാണ് ഇതുവരെ രോഗംബാധിച്ച് മരിച്ചത്. നിലവിൽ 13,593 പേർ ചികിത്സയിലുണ്ട്. രാജ്യത്ത് പുതുതായി നടത്തിയ 1,85,502 പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ 2.8 കോടി ആളുകളിൽ പരിശോധന പൂർത്തിയായി.
സൗദിയിൽ 334 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 349 പേർ രോഗമുക്തി നേടുകയും ചെയ്തു. നാലുപേർകൂടി രോഗംബാധിച്ച് മരിച്ചതോടെ ആകെ മരണം 6445 ലെത്തി. ഇതുവരെ രോഗംസ്ഥിരീകരിച്ചവരുടെ എണ്ണം 3,73,702 ലെത്തി. ഇവരിൽ 3,64,646 പേർ സുഖംപ്രാപിക്കുകയും ചെയ്തു. 2611 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതിൽ 480 പേരുടെ നില ഗുരുതരമാണ്.
ഒമാനിൽ 24 മണിക്കൂറിനിടെ അഞ്ചുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 277 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ആകെ രോഗികൾ ഇതോടെ 1,38,206 ആയി. 209 പേർ രോഗമുക്തി നേടിയതോടെ ആകെ സുഖംപ്രാപിച്ചവർ 1,29,752 ലെത്തി. ആകെ മരണം 1549 ലെത്തി. 147 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇവരിൽ 46 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ഖത്തറിൽ 453 പേർക്കുകൂടി കോവിഡ്. 128 പേർ സുഖംപ്രാപിച്ചു. 9569 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 80 പേരെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 105 പേർ തീവ്രപരിചരണ വിഭാഗത്തിലുണ്ട്. കോവിഡ് പോസിറ്റീവ് ആയ 1,58,591 പേരിൽ 1,48,766 പേരും ഇതുവരെ രോഗമുക്തി നേടി. പുതിയ മരണങ്ങളില്ല. ആകെ മരണം 256 ആണ്.