ദുബായ് : ചിക്കൻ, പാൽ തുടങ്ങിയ ചില ആഹാരസാധനങ്ങളുടെ വില നിയന്ത്രിക്കാൻ ആലോചനയുണ്ടെന്ന് യു.എ.ഇ. ഭക്ഷ്യസുരക്ഷ വകുപ്പ് മന്ത്രി മറിയം അൽ മെഹൈരി പറഞ്ഞു. നിലവിലെ ഭക്ഷ്യവില ശ്രദ്ധാപൂർവം പഠിക്കുകയാണ്. ചില മാറ്റങ്ങൾ ആവശ്യമായി വന്നേക്കാം. പ്രാദേശികവും ഇറക്കുമതി ചെയ്യുന്നതുമായ ഉത്പന്നങ്ങൾക്ക് വിലനിയന്ത്രണം ബാധകമാകും.
രാജ്യത്തെ പ്രത്യേക കാലാവസ്ഥകാരണമാണ് മറ്റ് രാജ്യങ്ങളിൽനിന്നുള്ള ഭക്ഷ്യ ഇറക്കുമതിയെ ആശ്രയിക്കുന്നത്. ഇതാണ് വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകാൻ കാരണം. എങ്കിലും രാജ്യം ഇപ്പോൾ പ്രാദേശിക ഉത്പാദനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. 2018 മുതൽ 2023 വരെ ഏറ്റവും കൂടുതൽ ഉപഭോഗവളർച്ച കാണിക്കുന്ന വിഭാഗങ്ങളിലുള്ളത് പാൽ, ധാന്യങ്ങൾ, പഴം പച്ചക്കറി, മാംസം എന്നിവയാണ്. ജി.സി.സിയിലെ ഭക്ഷ്യപാനീയങ്ങളുടെ രണ്ടാമത്തെ വലിയ വിപണിയാണ് യു.എ.ഇ. വേൾഡ് എക്‌സ്പോ 2020-യിലേക്ക് ഈ വർഷം ആയിരങ്ങൾ എത്തുന്നതോടെ ഭക്ഷണത്തിന്റെ ആവശ്യം ഗണ്യമായി വർധിക്കും. മരുഭൂമിയിൽ കൂടുതൽ ഭക്ഷ്യോത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിലേക്കാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധയെന്നും അൽ മെഹൈരി വ്യക്തമാക്കി.