അബുദാബി : മൊബൈൽ ഫോണുപയോഗിച്ച് തട്ടിപ്പ് നടത്തിയ അഞ്ചംഗ ഏഷ്യൻ സംഘം പോലീസ് പിടിയിലായി. അബുദാബി-അജ്മാൻ പോലീസുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് സംഘം പിടിയിലായത്. സംഘത്തിൽ ഒരു സ്ത്രീയും ഉൾപ്പെടും. ആളുകളെ ബാങ്കിൽ നിന്നുമാണെന്ന് പറഞ്ഞ് വിളിച്ച് സ്വകാര്യ വിവരങ്ങൾ മനസ്സിലാക്കി തട്ടിപ്പ് നടത്തുന്ന രീതിയാണ് സംഘം പിന്തുടർന്നിരുന്നത്. ഇവരുടെ കൈയിൽ നിന്നും നിരവധി മൊബൈൽ ഫോണുകളും സിം കാർഡുകളും പോലീസ് കണ്ടെടുത്തു.
ആളുകളിൽ നിന്നും എമിറേറ്റ്‌സ് ഐ.ഡി നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, എ.ടി.എം നമ്പർ എന്നിവയാണ് സംഘം അന്വേഷിച്ച് കൈക്കലാക്കിയിരുന്നത്. പല ഭാഷകളിൽ സംസാരിക്കുന്നവർ സംഘത്തിലുണ്ടാവും. സ്വകാര്യ വിവരങ്ങൾ ലഭിച്ചുകഴിഞ്ഞാൽ ഉടൻ തന്നെ അക്കൗണ്ടുകളിൽ നിന്നും പണം അപഹരിക്കുകയും ചെയ്യും.
ഇത്തരം തട്ടിപ്പ് ഫോൺകോളുകൾ കരുതിയിരിക്കണമെന്ന് അബുദാബി പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഇമ്രാൻ അഹമ്മദ് അൽ മസ്‌റോയി മുന്നറിയിപ്പ് നൽകി. ബാങ്കുകളിൽ നിന്നും ആളുകളെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുന്ന രീതിയില്ലെന്ന് ബാങ്കുകൾതന്നെ ഒട്ടേറെത്തവണ വ്യക്തമാക്കിയിട്ടുണ്ട്. കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവരാണ് പെട്ടന്ന് തന്നെ വിവരങ്ങൾ അപരിചിതർക്ക് കൈമാറാറുള്ളത്. ഇത് വലിയ പ്രശ്നങ്ങളിൽ ചെന്നെത്തിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള ഏതെങ്കിലും ഫോൺകോളുകൾ ലഭിക്കുകയോ തട്ടിപ്പിനിരയാവുകയോ ചെയ്താൽ പോലീസിന്റെ അമാൻ സർവീസിൽ 8002626 എന്ന നമ്പറിൽ വിളിച്ചോ, 2828 എന്ന നമ്പറിൽ എസ്.എം.എസ്. അയച്ചോ പരാതിപ്പെടാം.