അബുദാബി : വാഹനത്തിന്റെ മുൻസീറ്റിൽ കുട്ടികളെ ഇരിക്കാൻ അനുവദിക്കുന്നത് നിയമ ലംഘനമാണെന്ന് അബുദാബി പോലീസ്. ഇത്തരം പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടാൽ വാഹനം പിടികൂടുമെന്നും തിരിച്ചുകിട്ടുന്നതിന് 5000 ദിർഹവും കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്ന കുറ്റത്തിന് 400 ദിർഹവും പിഴ നൽകേണ്ടിവരുമെന്നും പോലീസ് അറിയിച്ചു.
പിഴ അടയ്ക്കുന്നതുവരെ വാഹനം വിട്ടുനൽകില്ല. മൂന്ന് മാസത്തിനകം പിഴയടയ്ക്കാത്ത ഉടമകളുടെ വാഹനം ലേലം ചെയ്യും. കഴിഞ്ഞവർഷം സെപ്റ്റംബറിൽ അബുദാബിയിൽ നടപ്പാക്കിയ പുതിയ ട്രാഫിക് നിയമങ്ങളുടെ ഭാഗമായാണിത്. 10 വയസ്സിന് താഴെയുള്ള കുട്ടികൾ വാഹനങ്ങളുടെ പിൻസീറ്റുകളിൽ ഇരിക്കുകയും സീറ്റ് ബെൽറ്റ് ധരിക്കുകയും വേണം. നാല് വയസ്സിന് താഴെയുള്ള കുട്ടികളെ കുട്ടികൾക്കായുള്ള പ്രത്യേക സീറ്റുകളിൽ ഇരുത്തണം.