ദുബായ് : മഹാമാരി ഉയർത്തിയ വെല്ലുവിളികൾക്കിടയിലും അതിജാഗ്രതയോടെ പൊതുഗതാഗതം ഉപയോഗിച്ചവരുടെ എണ്ണത്തിൽ റെക്കോഡ്. 34.6 കോടി പേരാണ് പൊതുഗതാഗതസേവനം പ്രയോജനപ്പെടുത്തിതെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ.) അറിയിച്ചു.
കോവിഡ് പ്രതിസന്ധിയിൽനിന്നും അതിവേഗം കരകയറുന്ന മേഖലകളിലൊന്നാണ് പൊതുഗതാഗതം. ഏറ്റവും മികച്ച അന്താരാഷ്ട്ര സമ്പ്രദായങ്ങളാണ് കോവിഡ് പ്രതിരോധത്തിനായി ആർ.ടി.എ. പിന്തുടരുന്നതെന്ന് ചെയർമാൻ മാത്തർ അൽ തായർ പറഞ്ഞു. മൂന്ന് രീതികളെ അടിസ്ഥാനമാക്കിയാണ് നടപടികൾ സ്വീകരിച്ചത്. സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കുകയും എല്ലാ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുക എന്നതുമായിരുന്നു ആദ്യ നടപടി. എല്ലാ ആർ.ടി.എ. സൗകര്യങ്ങളും പൊതുഗതാഗത മാർഗങ്ങളും കോവിഡ് മുക്തമെന്ന് ഉറപ്പുവരുത്തുകയും വൈറസ് വ്യാപനത്തെ ചെറുക്കാനുള്ള ദുബായ് സർക്കാരിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുകയുമായിരുന്നു സ്വീകരിച്ച പ്രധാന നടപടികൾ. ഉദാഹരണത്തിന് ഓരോ യാത്ര തീരുമ്പോഴും ദുബായ് മെട്രോ ട്രെയിൻ അണുവിമുക്തമാക്കുകയും ഓരോ ദിവസം അവസാനിക്കുമ്പോഴും എല്ലാ മെട്രോ സ്‌റ്റേഷനുകളിലും ശുചിത്വനടപടികൾ കൈക്കൊള്ളുന്നതായും അൽ തായർ വിശദീകരിച്ചു.
പ്രതിരോധ നടപടികൾ
വൈറസ് വ്യാപനം തുടങ്ങിയതുമുതൽ ആർ.ടി.എ. നടപ്പാക്കിയ മികവാർന്ന പ്രതിരോധ പ്രവർത്തനങ്ങളാണ് മേഖലയിൽ ജനപ്രീതി കൂട്ടിയതെന്ന് അൽ തായർ അഭിപ്രായപ്പെട്ടു. ജനങ്ങളിൽ അത് ആത്മവിശ്വാസം വർധിപ്പിച്ചു. കൂടാതെ ആർ.ടി.എ. സ്വീകരിച്ച മുൻകരുതൽ നടപടികൾക്ക് അന്താരാഷ്ട്ര അംഗീകാരവും ലഭിച്ചിരുന്നു. സമഗ്ര ശുചിത്വ നടപടികളാണ് ഇപ്പോഴും കൈക്കൊള്ളുന്നത്. കൂടാതെ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്. ശേഷിയുടെ 70 ശതമാനം പേർക്കാണ് നിലവിൽ പൊതുഗതാഗതം ഉപയോഗിക്കാനുള്ള അനുമതി. ഓരോ ഷിഫ്റ്റിനുമുമ്പും ശേഷവും എല്ലാ ജീവനക്കാർക്കും താപനില പരിശോധന ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആർ.ടി.എ. അധികൃതർ വ്യക്തമാക്കി. -ൽ
കോടി യാത്രക്കാർ