ദുബായ് : കാമുകിക്ക് സമ്മാനിക്കാനായി ഒട്ടക ക്കുഞ്ഞിനെ മോഷ്ടിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ദുബായിലെ ഫാമിൽ നിന്നാണ് ഒട്ടകത്തെ മോഷ്ടിച്ചത്. കാമുകിക്ക് ഇതിനെ ജന്മദിന സമ്മാനമായി നൽകാനായിരുന്നു പദ്ധതി. ജനിച്ച് അധികമാവാത്ത ഒട്ടകക്കുഞ്ഞിനെ ഫാമിൽനിന്ന് കാണാതായാതായി പോലീസിൽ പരാതി ലഭിച്ചിരുന്നു.
ഇതനുസരിച്ചുള്ള അന്വേഷണം നടന്നുവെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായിരുന്നില്ല. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഒട്ടകത്തെ തന്റെ ഫാമിനരികിൽനിന്ന് ലഭിച്ചതായി യുവാവ് തന്നെ പോലീസിനെ അറിയിക്കുകയായിരുന്നു. മോഷണവിവരം പുറത്തറിഞ്ഞേക്കുമെന്ന ഭയത്താൽ യുവാവും കാമുകിയും മെനഞ്ഞ കഥയായിരുന്നു അത്. ഇതിൽ അവിശ്വസനീയത തോന്നിയ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സത്യം പുറത്തുവന്നത്.
ഒട്ടകം മോഷ്ടിക്കപ്പെട്ട ഫാമും യുവാവിന്റെ ഫാമും തമ്മിൽ മൂന്ന് കിലോമീറ്ററിലധികം ദൂരമുണ്ടായിരുന്നു. പ്രധാനപാതയും ഇതിലൂടെയാണ്. ഒട്ടകക്കുഞ്ഞ് ഒരിക്കലും ഇത്രയും ദൂരം നടന്നുവരില്ലെന്ന പോലീസിന്റെ നിഗമനത്തിലൂന്നിയ ചോദ്യം ചെയ്യൽ ഒടുവിൽ ഫലം ചെയ്യുകയായിരുന്നു. ഒടുവിൽ ഒട്ടകത്തെ ഉടമയ്ക്ക് കൈമാറി. യുവാവിനെയും യുവതിയെയും തുടർനടപടികൾക്ക് വിധേയമാക്കിയതായി ദുബായ് പോലീസ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല ഖാദിം പറഞ്ഞു. അപൂർവയിനത്തിൽപ്പെടുന്ന ഈ ഒട്ടകത്തിന് നല്ല വിലയുണ്ട്.