ഖോർഫക്കാൻ തീരത്തെത്തിയ ഡോൾഫിനുകൾ

ഷാർജ : യു.എ.ഇ. തീരങ്ങൾ കൗതുകകരമായ ഒട്ടേറെ കാഴ്ചകൾക്ക് പേരുകേട്ടതാണ്. പുലർച്ചെ ഡൈവിങ്ങിനുപോയ സംഘത്തിന് ഷാർജയുടെ കിഴക്കൻ മേഖലയായ ഖോർഫക്കാൻ തീരത്തും വ്യത്യസ്തമായ ഒരു കാഴ്ചകാണാനായി. ഡോൾഫിനുകളുടെ അപൂർവസംഗമമായിരുന്നു അത്.

40 ഡോൾഫിനുകളാണ് സംഘം സഞ്ചരിച്ച ബോട്ടിനുസമീപം വായുവിലുയർന്നും വെള്ളത്തിൽ മുങ്ങിയും കാഴ്ചയുടെ രസം സമ്മാനിച്ചത്. ഡോൾഫിനുകളുടെ സ്വൈരവിഹാരത്തിന് തടസ്സമാവരുതെന്ന് കരുതി ഡൈവിങ് നടത്താതെയാണ് സംഘം മടങ്ങിയതെന്ന് റൊമാനിയക്കാരനായ ഡൈവർ ക്യാളിൻ കാംപെൻ പറഞ്ഞു. വളരെ വിരളമായി മാത്രമാണ് ഇത്തരമൊരു കാഴ്ച കാണാറുള്ളത്. ഇത്തരം കാഴ്ചകൾ റിപ്പോർട്ട് ചെയ്യാൻ യു.എ.ഇ. ഡോൾഫിൻ പദ്ധതി അനുശാസിക്കുന്നുമുണ്ട്. ഇവയുടെ എണ്ണവും പരിരക്ഷയും സംബന്ധിച്ച വിവരശേഖരണത്തിന്റെ ഭാഗമായാണിത്.

ഫോട്ടോയും വീഡിയോയുമടങ്ങുന്ന ഇവയുടെ വിവരങ്ങൾ ഗവേഷകർക്കും സർക്കാരിനും പ്രവർത്തനങ്ങൾക്ക് കരുത്തേകും. സമുദ്ര ആവാസവ്യവസ്ഥയുടെ പരിരക്ഷയിൽ യു.എ.ഇ. കർശന നിലപാടാണ് കൈക്കൊള്ളുന്നത്. അതുകൊണ്ടുതന്നെ ആമ, കടൽക്കുതിര, സ്രാവ്, വ്യത്യസ്തയിനം മീനുകൾ എന്നിവയെയെല്ലാം യു.എ.ഇ. തീരങ്ങളിൽ കണ്ടുവരുന്നതായും അദ്ദേഹം പറഞ്ഞു.