സി. മുഹമ്മദ് ഫൈസിക്ഷമാശീലരാണ് വിജയികൾക്ഷമാശീലർക്ക് വലിയ പ്രതിഫലമാണ് ഇസ്‌ലാം വാഗ്ദാനം ചെയ്യുന്നത്. ക്ഷമാശീലരേ, നിങ്ങൾ സന്തോഷിച്ചുകൊള്ളുവിൻ എന്ന് ഖുർആൻ പഠിപ്പിക്കുന്നുണ്ട്. ‘‘ഒരു ദുര്യോഗം നിങ്ങൾക്ക് വന്നുചേർന്നാൽ, പറയുവിൻ, ഞങ്ങൾ അല്ലാഹുവിലേക്കാണ്, ഞങ്ങളുടെ മടക്കം അല്ലാഹുവിലേക്കാണ്. അത്തരം വിശ്വാസികളുടെ മേൽ അല്ലാഹുവിന്റെ പ്രശംസയും കാരുണ്യവുമുണ്ടാകും. അവർ സന്മാർഗവഴിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുമാണ്’’.

മനസ്സ് മനുഷ്യന്റെ സ്വഭാവത്തെയും ജീവിത വ്യവസ്ഥയെയും എല്ലാം നിർണയിക്കുന്ന മുഖ്യഘടകമാണല്ലോ. ജീവിതത്തിൽ പ്രയാസങ്ങൾ വരാത്ത മനുഷ്യരുണ്ടാകില്ല. ഒരുപാട് സമ്പത്തുണ്ടായിട്ടും മക്കളില്ലാതെ വിഷമിക്കുന്നവരെ അറിയാം. രോഗപീഡകൾ ബുദ്ധിമുട്ടിക്കുന്നവരെ അറിയാം. മക്കളാൽ പ്രയാസപ്പെടുന്നവരെ പരിചയമുണ്ട്. അവരുടെയെല്ലാം വലിയ ആശ, ആ പ്രതിസന്ധികളൊന്നു തീർന്നുകിട്ടാനാകും. ‘‘നിങ്ങൾ ക്ഷമിക്കുവിൻ. അല്ലാഹു ക്ഷമാശീലരുടെ കൂടെയാണ്’’ എന്ന് ഖുർആൻ പഠിപ്പിക്കുന്നുണ്ട്.

ഏത് പ്രതിസന്ധികൾ വരുമ്പോഴും ക്ഷമ മുറുകെപ്പിടിക്കുന്ന ജീവിതമാണ് വിശ്വാസിക്ക് വേണ്ടത്. ഇസ്‌ലാമിക നിർവചന പ്രകാരം, അല്ലാഹു വിരോധിച്ചതിനെ വെടിയൽ, നിർബന്ധമായ മതകർമങ്ങൾ ചെയ്യൽ, ദേഷ്യമടക്കൽ, ദുരിതങ്ങൾ വരുമ്പോൾ പഴിക്കാതെ അല്ലാഹുവിനോട് പ്രാർഥിക്കൽ എന്നിവയെല്ലാം ക്ഷമയുടെ രീതിയാണ്. നബി (സ) പഠിപ്പിച്ചല്ലോ." വിശ്വാസിയുടെ കാര്യം അദ്‌ഭുതം തന്നെ. എല്ലാ വിഷയങ്ങളെയും അവർ കാണുക നന്മയുടെ ഭാവത്തിലാണ്. സന്തോഷകരമായ ഒരു കാര്യം വന്നാൽ അവർ അല്ലാഹുവിനെ സ്തുതിക്കും. സങ്കടകരമായത് വന്നാലോ, അവർ ക്ഷമിക്കും. ആ രണ്ടുഭാവവും അവർക്ക് ഗുണകരമായി ഭവിക്കും.

അല്ലാഹുവിന് വഴിപ്പെട്ടുകൊണ്ടുള്ള ക്ഷമ നമുക്ക് പ്രകടിപ്പിക്കാം. ഉദാഹരണം, നോമ്പ് ശാരീരികാഗ്രഹമായ ഭക്ഷണത്തെ നിരസിക്കലാണ്. അത് നിർവഹിക്കുന്നതിലൂടെ ത്യാഗഭരിതമായി നാം അല്ലാഹുവിലേക്ക് അടുക്കാൻ യത്നിക്കുന്നു. എല്ലാ കർമങ്ങളിലും നമ്മുടെ വിചാരം, അല്ലാഹുവിന്റെ തൃപ്തിയാകണം. ഉദ്ദേശ്യം നന്നാകണം. ജീവിതത്തിന്റെ എല്ലാ പാഥേയങ്ങളും വിശ്വാസിക്ക് ആരാധനയും കൂലി കൂട്ടാനുള്ള വഴിയുമാണ്. പക്ഷേ, നമ്മുടെ ഉദ്ദേശ്യവും ലക്ഷ്യവും നന്നാവണം.

അക്രമിയായ ഒരാളോട് വിട്ടുവീഴ്ചയിൽ അധിഷ്ഠിതമായ സമീപനം വേണം. നമ്മളും അതേമാതിരി തിരിച്ചടിച്ചാൽ സംഘർഷം കൂടിയേക്കും. നാം മാപ്പ് കൊടുത്താലോ, ആ പ്രശ്നം അവിടെ പരിഹരിക്കപ്പെടുകയും അല്ലാഹുവിന്റെ തൃപ്തി നമ്മുടെ മേൽ വർഷിക്കുകയും ചെയ്തേക്കാം.

അല്ലാഹുവിന്റെ പരീക്ഷണം രോഗമായോ, മറ്റ് ആപത്തുകളായോ നമ്മുടെ മേൽ നിപതിച്ചാൽ അവിടെയും ക്ഷമമുറുകെപ്പിടിക്കുക. പ്രാർഥനകളിൽ ധന്യരാവുക.

ലോകത്തെ മിക്ക പ്രശ്നങ്ങളുടെയും കാരണം ക്ഷമയില്ലായ്മയാണ്. ഒരുഭാഗത്ത് അരുതായ്മകൾ സംഭവിച്ചാൽ അതിന്റെ ഇരട്ടി പ്രഹരത്തിൽ തിരിച്ചടിക്കാനുള്ള വെമ്പലുകളാണ്. ഒരുകൂട്ടർ അല്പം താഴ്ന്നുകൊടുത്താൽ പരിഹാരമാകുന്നതേയുള്ളൂ. തല കുനിഞ്ഞാലും അല്ലാഹുവിന്റെ തൃപ്തി പ്രതീക്ഷിച്ചു നാം ചെറുതാവുന്നത് കൊണ്ട്, അതിന്റെ പര്യവസാനം ശുഭകരമാകും.