കൊച്ചി : ഇന്ത്യയിലെ ആദ്യ ഫ്ളോട്ടിങ് എൽ.എൻ.ജി. ടെർമിനൽ മഹാരാഷ്ട്രയിലെത്തി. ഊർജ രംഗത്തെ മുൻനിര കമ്പനിയായ എച്ച്-എനർജിയാണ് ഈ ടെർമിനൽ ഇന്ത്യയിലെത്തിച്ചത്. സ്വകാര്യ തുറമുഖമായ മഹാരാഷ്ട്രയിലെ ജയ്ഗഢ് പോർട്ടിലാണ് ടെർമിനൽ. പ്രകൃതിവാതക സ്റ്റോറേജും റീ ഗ്യാസിഫിക്കേഷൻ സംവിധാനങ്ങളുമുള്ള ‘എഫ്.എസ്.ആർ.യു. ഹുവേഗ് ജയന്റ്’ എന്ന ഭീമൻ കപ്പലാണ് ടെർമിനൽ ആയി പ്രവർത്തിക്കുക.

ഫ്ളോട്ടിങ് സ്റ്റോറേജ് ആൻഡ്‌ റീ ഗ്യാസിഫിക്കേഷൻ യൂണിറ്റ് (എഫ്.എസ്.ആർ.യു.) എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ദ്രവീകൃത പ്രകൃതിവാതക (എൽ.എൻ.ജി.) അടിസ്ഥാന സൗകര്യങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ ദൗത്യത്തിലെ പുതിയൊരു അധ്യായമാണ് രാജ്യത്തെ ആദ്യ ഫ്ളോട്ടിങ് എൽ.എൻ.ജി. ടെർമിനൽ എന്ന് എച്ച്-എനർജി സി.ഇ.ഒ. ദർശൻ ഹിരാനന്ദാനി പറഞ്ഞു.