കൊച്ചി : യു.എസിൽ സാന്നിധ്യമുറപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കിക്കൊണ്ട് എഡ്‌ടെക് പ്ലാറ്റ്‌ഫോമായ ‘ബൈജൂസ്’ പുതിയൊരു ഏറ്റെടുക്കൽ നടത്തി. യു.എസ്. ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഡിങ് പ്ലാറ്റ്‌ഫോമായ ‘ടിങ്കറി’നെയാണ് ‘ബൈജൂസ്’ ഏറ്റെടുത്തിട്ടുള്ളത്. ‘ബൈജൂസ്’ സ്വന്തമാക്കുന്ന മൂന്നാമത്തെ യു.എസ്. എഡ്‌ടെക് സ്റ്റാർട്ട്അപ്പാണിത്. നേരത്തെ, ‘എപിക്’, ‘ഓസ്‌മോ’ എന്നീ സ്റ്റാർട്ട്അപ്പുകളും ‘ബൈജൂസ്’ ഏറ്റെടുത്തിരുന്നു.

15-20 കോടി ഡോളറിനാണ് ഏറ്റെടുക്കൽ നടത്തിയിട്ടുള്ളതെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോർട്ട്. അതായത്, ഏകദേശം 1,100-1,470 കോടി രൂപ. ഈ ഏറ്റെടുക്കലിലൂടെ തങ്ങളുടെ ക്രിയേറ്റീവ് കോഡിങ് പ്ലാറ്റ്‌ഫോം കൂടുതൽ കുട്ടികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്തിക്കാനും ആഗോളതലത്തിൽ കോഡിങ് ക്യാമ്പുകൾ സംഘടിപ്പിക്കാനും ‘ടിങ്കറി’ന് കഴിയുമെന്ന് ‘ബൈജൂസ്’ പ്രസ്താവനയിലൂടെ അറിയിച്ചു.