അബുദാബി : മമ്മൂട്ടിക്ക് പിന്നാലെ മകനും നടനുമായ ദുൽഖർ സൽമാനും യു.എ.ഇ.യുടെ 10 വർഷത്തെ ഗോൾഡൻവിസ ലഭിച്ചു. ലുലുഗ്രൂപ്പാണ് ദുൽഖറിന്റെ ഗോൾഡൻവിസ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. അബുദാബി സാംസ്കാരിക വിനോദസഞ്ചാരവകുപ്പിന്റെ ആസ്ഥാനമന്ദിരത്തിൽ നടന്ന ചടങ്ങിൽ കൾച്ചർ ആൻഡ് ടൂറിസം സെക്രട്ടറി സഊദ് അബ്ദുൽഅസീസ് അൽ ഹൊസാനിയിൽനിന്ന് ദുൽഖർ ഗോൾഡൻ വിസ ഏറ്റുവാങ്ങി. ലുലു ഗ്രൂപ്പ് ചെയർമാനും അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് വൈസ് ചെയർമാനുമായ എം.എ. യൂസഫലി, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ, ഡയറക്ടർ അബ്ദുൽ അസീസ് അൽ ദോസരി, ടു ഫോർ ഫിഫ്റ്റി ഫോർ പ്രതിനിധി ബദറിയ്യ അൽ മസ്‌റൂയി തുടങ്ങിയവർ പങ്കെടുത്തു. മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിവർ ഇതിനോടകം ഗോൾഡൻ വിസ നേടിയിട്ടുണ്ട്.