ദുബായ് : അടുത്തമാസം മുതൽ ദുബായിൽ നടക്കാനിരിക്കുന്ന ലോകമഹാമേള എക്സ്‌പോ 2020-നെത്തുന്ന സന്ദർശകർക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമാക്കി. അല്ലെങ്കിൽ 72 മണിക്കൂറിനിടെയുള്ള കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലം കരുതണം.

കഴിഞ്ഞദിവസം പുറത്തിറക്കിയ എക്സ്‌പോ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളിലാണ് ഇക്കാര്യമുള്ളത്. സന്ദർശകർ അവരവരുടെ രാജ്യത്ത് അംഗീകാരമുള്ള വാക്സിനുകൾ എടുത്താൽ മതിയാവും. 18 വയസ്സിനുമുകളിലുള്ളവർക്കാണ് ഈ നിബന്ധനകൾ ബാധകം.

വാക്സിനെടുക്കാത്തവർക്ക് എക്സ്‌പോ വേദിക്ക് സമീപത്തുതന്നെ കോവിഡ് പരിശോധന നടത്താനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ദുബായിൽ വിവിധയിടങ്ങളിലായി എക്സ്‌പോ സന്ദർശകർക്കായി പരിശോധനാ കേന്ദ്രങ്ങൾ തയ്യാറാക്കും. പ്രത്യേക പരിശോധനാകേന്ദ്രങ്ങളുടെ വിവരങ്ങൾ എക്സ്‌പോ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. എക്സ്‌പോ സന്ദർശിക്കാനുള്ള ടിക്കറ്റുള്ളവർക്ക് പരിശോധന സൗജന്യമായിരിക്കും.

എക്സ്‌പോ സംഘാടകരും വൊളന്റിയർമാരും ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാർക്കും വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനുപുറമെ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങൾ സജ്ജീകരിക്കും. എല്ലായിടങ്ങളിലും മുഖാവരണം നിർബന്ധമാണ്. ഒപ്പം രണ്ടുമീറ്റർ സാമൂഹിക അകലം എല്ലാ സ്ഥലങ്ങളിലും പാലിക്കണം.

സന്ദർശകരെ വരവേൽക്കാൻ റാഷിദും ലത്തീഫയും തയ്യാർ

ദുബായ് : മാന്ത്രികക്കാഴ്ചകളാണ് എക്സ്‌പോ 2020 വേദിയിൽ സന്ദർശകരെ കാത്തിരിക്കുന്നത്. ഒക്ടോബർ ഒന്ന് എക്സ്‌പോ വേദി മിഴിതുറക്കുന്നതോടെ സന്ദർശകരെ വരവേൽക്കാൻ റാഷിദ്, ലത്തീഫ എന്ന പേരിലുള്ള ഭാഗ്യചിഹ്നങ്ങൾ എക്സ്‌പോ വേദിയിൽ എത്തിക്കഴിഞ്ഞു.

വേദിയിലെത്തുന്ന കുടുംബങ്ങളെ സ്വാഗതം ചെയ്യുന്നതിനും അവരെ പാട്ടുപാടാനും നൃത്തം ചെയ്യാനുമെല്ലാം പങ്കാളികളാക്കാനും പ്രോത്സാഹിപ്പിക്കാനും ഇവരുണ്ടാകും.

റാഷിദ് പ്ലേ ഗ്രൗണ്ടിൽ ഒട്ടേറെ പ്രത്യേകതകളുണ്ട്. ത്രീഡി കാഴ്ചകളാണ് അതിലൊന്ന്. കെട്ടുപിണഞ്ഞ രീതിയിലൊരുക്കിയിരിക്കുന്ന നീണ്ട പാതകളുള്ള അൽ ഫോർസാൻ പാർക്ക് സന്ദർശകർക്കായി സാംസ്കാരിക വിനോദപരിപാടികൾക്കുള്ള അവസരമൊരുക്കും. ലക്ഷണക്കണക്കിന് കുട്ടി സന്ദർശകർക്ക് അത്ഭുതകാഴ്ചകളാണ് വേദിയിൽ കാത്തിരിക്കുന്നത്.

ആവേശകരമായ വിദ്യാഭ്യാസ അനുഭവങ്ങൾ നൽകുന്ന പ്രത്യേക ലോകമാണ് തുറക്കുന്നതെന്ന് എക്സ്‌പോ 2020 ദുബായ് ചീഫ് എക്സ്പീരിയൻസ് ഓഫീസർ മാർജൻ ഫറൈദൂണി വ്യക്തമാക്കി. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വേദിയിൽ പ്രവേശനം സൗജന്യമാണ്. അതേസമയം ഏത് പ്രായക്കാർക്കും ഒരുമിച്ച് ആസ്വദിക്കാവുന്ന വിധത്തിലാണ് ഓരോ പവിലിയനുകളും നിർമിച്ചിരിക്കുന്നത്. 191 രാജ്യങ്ങളുടെ പവിലിയനുകളാണ് ഉള്ളത്.