അബുദാബി : ആഗോളതലത്തിൽ പൂർണ ദാരിദ്ര്യനിർമാർജനമെന്ന ലക്ഷ്യം കൈവരിക്കാൻ അന്താരാഷ്ട്ര സമൂഹം ഒന്നിച്ചുനിൽക്കണമെന്ന ഉറച്ച ബോധ്യത്തിലാണ് യു.എ.ഇ. ശ്രമങ്ങളെന്ന് വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ, വികസന മന്ത്രി സുൽത്താൻ മുഹമ്മദ് അൽ ഷംസി പറഞ്ഞു. ദാരിദ്ര്യനിർമാർജന ദിനത്തിന്റെ ഭാഗമായി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് മന്ത്രി യു.എ.ഇ.യുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചത്.

ആഗോള ദാരിദ്ര്യനിർമാർജനം യു.എ.ഇ. പ്രഥമ പരിഗണന നൽകുന്ന വിഷയമാണ്. കഷ്ടതയനുഭവിക്കുന്ന സമൂഹത്തിന്റെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് യു.എ.ഇ മുൻപന്തിയിലുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം, ശുദ്ധജലം എന്നിവ ഉറപ്പാക്കുന്നതിലൂടെയാണ് ദാരിദ്ര്യനിർമാർജനവും സാമൂഹിക ഉന്നമനവും സാധ്യമാകുകയുള്ളൂ. ഈ ആശയത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യു.എ.ഇ. പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ട്. ശ്രമങ്ങളിൽ കൂടുതൽപ്പേരെ പങ്കാളികളാക്കാൻ ദാരിദ്ര്യനിർമാർജന ദിനമായ ഒക്ടോബർ 17-ന് ആഗോളതലത്തിൽ നടക്കുന്ന പദ്ധതികൾ സഹായകമാകും. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയായിരിക്കും ഇത്തരം പ്രവർത്തനങ്ങൾ. രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളുമായി ചേർന്ന് യു.എ.ഇ. സമഗ്ര പദ്ധതികളാണ് നടപ്പാക്കിവരുന്നത്. സുരക്ഷ, സുസ്ഥിരത, സമൃദ്ധി എന്നിവ നേടിയെടുക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ യോജിച്ചുള്ള പ്രവർത്തനം ഏറെ പ്രധാനമാണ്. യു.എ.ഇയുടെ 50 വർഷ പ്രവർത്തന പദ്ധതിയിൽ ആഗോള ക്ഷേമം ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി പ്രവർത്തനങ്ങളാണ് നടപ്പാക്കുകയെന്നും ഷംസി പറഞ്ഞു.