ദുബായ് : സിനിമാ നിർമാതാവും പ്രവാസി വ്യവസായിയുമായ വേണു കുന്നപ്പിള്ളിക്ക് യു.എ.ഇയുടെ ഗോൾഡൻ വിസ. ദുബായ് അൽ ജാഫ്‌ലിയയിലെ താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അദ്ദേഹം 10 വർഷ കാലാവധിയുള്ള ഗോൾഡൻ വിസ ഏറ്റുവാങ്ങി. വിവിധ മേഖലകളിലെ നിക്ഷേപം അടിസ്ഥാനമാക്കിയാണ് ആദരം. ഗോൾഡൻ വിസ നിക്ഷേപകർക്ക് പുതിയ ഊർജമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യു.എ.ഇ.ക്ക് പുറമെ യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലായി വിവിധ മേഖലകളിൽ വേണുവിന് നിക്ഷേപമുണ്ട്. മലയാളത്തിൽ ഇതുവരെ ഇറങ്ങിയതിലെ ബജറ്റ് സിനിമയായ മാമാങ്കത്തിന്റെ പ്രൊഡ്യൂസറാണ്. കോവിഡിൽ ഗൾഫിൽ കുടുങ്ങിയ സാധാരണക്കാരായ ഒട്ടേറെ പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാൻ വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസ് റാസൽ ഖൈമയിൽനിന്ന് കേരളത്തിലേക്ക് വിമാനം ചാർട്ടർ ചെയ്തിരുന്നു.

വൻകിട നിക്ഷേപകർക്കും മികച്ച പ്രൊഫഷണലുകൾക്കുമാണ് യു.എ.ഇ. 10 വർഷ കാലാവധിയുള്ള ഗോൾഡൻ വിസ നൽകുന്നത്.